ജയ്ശ്രീറാം ബാനറിൽ ബിജെപിക്കുള്ളിലും അതൃപ്തി; നേതൃത്വത്തിന് വീഴ്ച സംഭവിച്ചതായി വിലയിരുത്തൽ

Jai Shri Ram banner controversy B Radhakrishna Menon slams leadership

പാലക്കാട് നഗരസഭാ ആസ്ഥാനത്ത് ബിജെപിയുടെ വിജയാഘോഷത്തിനിടെ ജയ്ശ്രീറാം ബാനർ തൂക്കിയ സംഭവത്തിൽ ബിജെപിക്കുള്ളിലും അതൃപ്തി പുകയുന്നു. അപക്വമായ നടപടിയാണ് സംഭവത്തിനു പിന്നിലെന്നും പ്രവര്‍ത്തകരുടെ ആവേശം സംഘടന പ്രവര്‍ത്തനത്തിനായി ഉപയോഗിക്കാന്‍ നേതൃത്വം ശ്രമിക്കണമെന്നും ബിജെപി മുതിർന്ന നേതാവ് ബി. രാധാകൃഷ്ണ മേനോൻ പറഞ്ഞു. 

തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പ്രതീക്ഷിച്ച വിജയം കൈവരിച്ചില്ലെന്ന് തുറന്നു പറഞ്ഞ രാധാകൃഷ്ണ മേനോന്‍ പാലക്കാട്ടെ പ്രവര്‍ത്തകരുടെ അതിരുവിട്ട പ്രകടനം നേതൃത്വത്തിന്‍റെ കൂടി വീഴ്ചയാണെന്നും ചൂണ്ടിക്കാട്ടി. മുനിസിപ്പാലിറ്റിക്ക് മുന്നിലും മാര്‍ക്കറ്റിലും വെക്കേണ്ടതല്ല ശ്രീരാമൻ്റെ ചിത്രമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് നഗരസഭയില്‍ തുടര്‍ ഭരണം സാധ്യമായതോടെ ശ്രീരാമനെ ഉയര്‍ത്തി നടന്ന വിജയാഘോഷം വിവാദമായിരുന്നു.

പുനഃസംഘടനക്ക് ശേഷം സംഘടനയില്‍ കമ്മറ്റികള്‍ സജീവമായിട്ടില്ല. എല്ലാവരെയും സംഘടനയുടെ ഭാഗമാക്കി കൊണ്ടു പോകേണ്ടതുണ്ട്. ബിജെപി പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വരുത്തേണ്ടതുണ്ട്. ഒരു ദിവസമെങ്കിലും കൊടി പിടിച്ച ആരും സംഘടന വിട്ട് പോകാന്‍ കാരണമുണ്ടാക്കരുത്. അദ്ദേഹം വ്യക്തമാക്കി.

content highlights: Jai Shri Ram banner controversy B Radhakrishna Menon slams leadership