തമിഴ്നാട്ടിൽ സിനിമാ തിയേറ്ററുകളിൽ നൂറ് ശതമാനം ആളുകളെയും പ്രവേശിപ്പിക്കാനുള്ള ഉത്തരവിറങ്ങി

Tamil Nadu allows Full occupancy in theatres Prior big releases

തമിഴ്നാട്ടിൽ സിനിമാ തിയേറ്ററുകളിൽ നൂറ് ശതമാനം ആളുകളെയും പ്രവേശിപ്പിക്കുന്നതിനുളള ഉത്തരവിറങ്ങി. അമ്പത് ശതമാനം പ്രേക്ഷകർ എന്ന നിലവിലെ നിയന്ത്രണം എടുത്ത് കളഞ്ഞു കൊണ്ടാണ് ചീഫ് സെക്രട്ടറി കെ ഷണ്മുഖം ഉത്തരവിറക്കിയത്. തിയേറ്ററിൽ നൂറ് ശതമാനം ആളുകളേയും പ്രവേശിപ്പിക്കാൻ അനുവാദം നൽകിയ ആദ്യ സംസ്ഥാനമാണ് തമിഴ്നാട്. എന്നാൽ ഈ തീരുമാനത്തിനെതിരെ ശക്തമായ വിമർശനങ്ങളും ഉയരുന്നുണ്ട്.

ഷോകൾക്കിടയിൽ കൊവിഡ് 19 തടയുന്നതിനുള്ള മാർഗ നിർദേശങ്ങളും പ്രദർശിപ്പിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. നടന്മാരായ വിജയ്, ചിമ്പു തുടങ്ങിയവർ നിലവിലെ നിയന്ത്രണങ്ങൾ എടുത്ത് മാറ്റണമെന്നാവശ്യപെട്ട് രംഗത്തെത്തിയിരുന്നു. പകുതി സീറ്റുകളിൽ മാത്രം ആളുകളെ പ്രവേശിപ്പിക്കാൻ അനുവദിച്ചു കൊണ്ട് പ്രദർശനം തുടരുന്നത് കടുത്ത നഷ്ടമുണ്ടാക്കുന്നതിനാൽ നിയന്ത്രണം നീക്കണമെന്നാവശ്യപെട്ട് തീയേറ്റർ ഉടമകളും രംഗത്തെത്തിയിരുന്നു.

വിജയിയുടെ ഏറ്റവും പുതിയ ചിത്രമായ മാസ്റ്റർ റിലീസിനോടടുക്കുന്ന സമയം തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായി വിജയ് കൂടിക്കാഴ്ച നടത്തിയിരുന്നു. നിലവിലുള്ള നിയന്ത്രണം ബോക്സോഫീസ് കളക്ഷനെ ബാധിക്കുമെന്നും തിയേറ്ററിൽ മുഴുവൻ ആളുകളേയും പ്വേശിപ്പിക്കണമെന്നും വിജയ് ആവശ്യപെട്ടിരുന്നു. ജനുവരി പതിമൂന്നിനാണ് പൊങ്കൽ റിലീസായി മാസ്റ്റർ എത്തുന്നത്. ഇതേ സമയം തന്നെയാണ് ചിമ്പുവിന്റെ പുതിയ ചിത്രം ഈശ്വരനും പ്രദർശനത്തിനെത്തുന്നത്.

Content Highlights; Tamil Nadu allows Full occupancy in theatres Prior big releases