ജപ്പാനിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി

Another new coronavirus variant found in Japan

ജപ്പാനിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി. ബ്രസീലിൽ നിന്ന് ജപ്പാനിലെത്തിയ യാത്രക്കാരിലാണ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതെന്ന് ജപ്പാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. നേരത്തെ യുകെ ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത വൈറസ് വകഭേദങ്ങളിൽ നിന്ന് വ്യത്യസ്തമാണ് പുതിയ വകഭേദം.

വിമാനത്താവളത്തിൽ വെച്ച് നടത്തിയ കൊവിഡ് പരിശോധനയിലാണ് ബ്രസീലിൽ നിന്നെത്തിയ നാൽപ്പതുകാരനും മുപ്പതുകാരിക്കും രണ്ട് കൌമാരക്കാർക്കും പുതിയ കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയും മറ്റ് രാജ്യഹ്ങളുമായി ചേർന്ന് വൈറസിന്റെ പുതിയ വകഭേദത്തെ കുറിച്ചുള്ള പഠനം നടത്തി വരികയാണ് ജപ്പാൻ. നിലവിൽ കണ്ടുപിടിച്ച വാക്സിനുകൾ പുതിയ വകഭേദത്തെ പ്രതിരോധിക്കാൻ കാര്യക്ഷമമാണോ എന്നത് വ്യക്തമല്ല.

പുതിയ കൊവിഡ് വകഭേദം സ്ഥിരീകരിച്ച നാൽപ്പതുകാരന് വിമാനത്താവളത്തിൽ എത്തിച്ചേരും വരെ കൊവിഡ് ലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചിരുന്നില്ല. എന്നാൽ പിന്നീട് ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അതേസമയം വൈറസ് ബാധ സ്ഥിരീകരിച്ച മുപ്പതുകാരിക്ക് തലവേദനയും കൌമാരക്കാരിൽ ഒരാൾക്ക് പനിയും അനുഭവപെട്ടിരുന്നു. നേരത്തെ ബ്രിട്ടൺ, ദക്ഷിണാഫ്രിക്ക വകഭേദത്തിലുള്ള മുപ്പത് കൊവിഡ് കേസുകൾ ജപ്പാനിൽ റിപ്പോർട്ട് ചെയ്തിരുന്നു.

പുതിയ വകഭേദം വളരെ വേഗത്തിൽ വ്യാപിക്കുന്നതിനാൽ വിദഗ്ദർ ഏറെ ആശങ്കയിലാണ്. ടോക്കിയോ പ്രദേശത്ത് വെള്ളിയാഴ്ച മുതൽ ജപ്പാൻ അടിയാന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ജപ്പാനിൽ 280000 പേർക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു. 4000 പേരാണ് ഇവിടെ കൊവിഡ് ബാധിച്ച് മരണപെട്ടത്.

Content Highlights; Another new coronavirus variant found in Japan