പോളിസികള്‍ എല്ലാവര്‍ക്കും ബാധകം; ട്രംപിന്റെ വിലക്ക് നീക്കാന്‍ ഉദ്ധേശിക്കുന്നില്ലെന്ന് ഫേസ്ബുക്ക്

കാലിഫോര്‍ണിയ: ഫേസ്ബുക്കിന്റെ പോളിസി നിയമങ്ങള്‍ എല്ലാ ഉപയോക്താക്കള്‍ക്കും ഒരേപോലെ ബാധകമാണെന്ന് ഫേസ്ബുക്ക് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഷെറില്‍ സാന്‍ഡ്ബെര്‍ഗ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഫേസ്ബുക്ക് അക്കൗണ്ടിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു മറുപടി. അനിശ്ചിത കാലത്തേക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കാന്‍ ഉദ്ധേശമില്ലെന്നും ഷെറില്‍ വെളിപ്പെടുത്തി.

യുഎസ് കാപ്പിറ്റോള്‍ ആക്രമണത്തിന് പിന്നാലെയായിരുന്നു ട്രംപിനെ സമൂഹ മാധ്യമങ്ങളില്‍ നിന്ന് പുറത്താക്കിയത്. കഴിഞ്ഞയാഴ്ച്ചയാണ് അക്രമത്തിന് പ്രേരിപ്പിക്കുന്ന തരത്തില്‍ പോസ്റ്റുകള്‍ തുടര്‍ച്ചയായി കണ്ടെത്തിയതോടെയാണ് സമൂഹ മാധ്യമങ്ങളായ ഫേസ്ബുക്കില്‍ നിന്നും ഇന്‍സ്റ്റഗ്രാമില്‍ നിന്നും ട്രംപിനെ നീക്കം ചെയ്തതായി ഔദ്യോഗിക അറിയിപ്പ് വന്നത്. ഫേസ്ബുക്കിന്റെയടക്കമുള്ള മറ്റ് മാധ്യമങ്ങളുടെയും പോളിസികള്‍ എല്ലാവര്‍ക്കും ഒരേപോലെ ബാധകമാണെന്നും പ്രസിഡന്റിനും അത് ബാധകമാണെന്നും ഷെറില്‍ കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്കിനും, ഇന്‍സ്റ്റഗ്രാമിനും പിന്നാലെ ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ടിനും പൂട്ട് വീണിരുന്നു. കൂടാതെ, സ്‌നാപ് ചാറ്റ്, ട്വിറ്റ് പോലുള്ള സേവനങ്ങളില്‍ നിന്നും ട്രംപിനെ നീക്കം ചെയ്തിരുന്നു.

Content Highlight: Facebook has no plans to lift Donald Trump ban