യുകെയിൽ സ്ഥിരീകരിച്ച കൊറോണ വെെറസിൻ്റെ പുതിയ വകഭേദം രാജ്യത്ത് ആറ് പേർക്കുകൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ അതിതീവ്ര കൊവിഡ് കേസുകൾ 102 ആയി. പുതിയ വെെറസ് ബാധ സ്ഥിരീകരിച്ചവരെയെല്ലാം പ്രത്യേക ഐസൊലേഷനിലാക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. എല്ലാവർക്കും പ്രത്യേക മുറികളാണ് നൽകിയിരിക്കുന്നത്. സ്ഥിതിഗതികൾ സസുക്ഷ്മം നിരീക്ഷിച്ച് വരികയാണ്. അതി തീവ്ര വെെറസ് പടരുന്നത് തടയാൻ കടുത്ത ജാഗ്രത പുലർത്താൻ സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടിക, ഇവരോടൊപ്പം സഞ്ചരിച്ച യാത്രക്കാർ, രോഗബാധ സ്ഥിരീകരിച്ചവരുടെ കുടുംബാംഗങ്ങൾ എന്നിവരുടെയെല്ലാം വിവരം ശേഖരിച്ച് വരികയാണ്. തിങ്കളാഴ്ച രാജ്യത്ത് 96 പേർക്കാണ് അതിതീവ്ര വെെറസ് ബാധ സ്ഥിരീകരിച്ചത്. യുകെയിൽ ജനിതക വകഭേദം വന്ന വെെറസ് ബാധ ജപ്പാൻ, ജർമ്മനി, കാനഡ, ലെബനൻ, സിംഗപ്പൂർ, ഫ്രാൻസ്, സ്പെയിൻ. സ്വിറ്റ്സർലാൻഡ്, ഡെന്മാർക്ക്, നെതർലാൻഡ്സ്, ഓസ്ട്രേലിയ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലും സ്ഥിരീകരിച്ചിട്ടുണ്ട്.
content highlights: 6 more in India test positive for UK variant of coronavirus, total climbs to 102