ഭീകരവാദത്തിന് തെളിവില്ലാതെ സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: തീവ്രവാദ പ്രവര്‍ത്തനത്തിന് തെളിവില്ലാതെ സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വര്‍ണക്കടത്തില്‍ നിന്നുള്ള പണം ഉപയോഗിച്ചുവെന്നതിനോ തീവ്രവാദ പ്രവര്‍ത്തനം നടന്നതിനോ പറ്റി പറയാതെയാണ് എന്‍ഐഎ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. പ്രതികള്‍ സ്വര്‍ണ്ണം 21 തവണ കടത്തിയെ കുറ്റപത്രത്തിലുണ്ട്. സ്വര്‍ണം കടത്തുന്നതിനായി ഹവാലയായി പണം വിദേശത്തേക്ക് എത്തിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു.രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ത്തുവെന്ന് കുറ്റപത്രത്തില്‍ പറയുന്നുണ്ട്.

രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ തകര്‍ക്കുമെന്നും അത് കൊണ്ട് ഭീകരപ്രവര്‍ത്തനത്തിന്റെ പരിധിയില്‍ വരുമെന്നും ചൂണ്ടിക്കാട്ടിയാണ് കുറ്റപത്രം നല്‍കിയത്. 20 പേര്‍ക്കെതിരെയാണ് കുറ്റപത്രം. എട്ട് മാസത്തെ അന്വേഷണത്തിനൊടുവില്‍ ആണ് കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍ ഇതില്‍ ഭീകരപ്രവര്‍ത്തനത്തെകുറിച്ച് ഒരു വരി പോലും ഇല്ല എന്നതാണ് ശ്രദ്ധേയം.

നേരിട്ടുള്ള ഭീകരപ്രവര്‍ത്തനം ഇല്ലെങ്കില്‍ പോലും കുറ്റം നിലനില്‍കുമെന്നാണ് എന്‍ഐഎ വാദം. യുഎപിഎയിലെ 15-ാം വകുപ്പില്‍ വരുത്തിയ ഭേദഗതി പ്രകാരം ആണ് ഇതെന്നാണ് എന്‍ഐഎ പറയുന്നത്. വലിയ തോതില്‍ പണം നേടാന്‍ സ്വര്‍ണം ഇറക്കുമതി ചെയ്തതിലൂടെ സാധിച്ചെന്നും അതിലൂടെ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പ്രതികള്‍ നടത്തിയെന്നുമാണ് കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്നത്. കൂടാതെ ഇങ്ങനെ കൊട്‌നുവന്ന സ്വര്‍ണം ആരൊക്കെ വാങ്ങിയെന്നോ എവിടേക്ക് കൊണ്ടുപോയെന്നോ എന്നതിനുള്ള വിവരങ്ങളും എന്‍ഐഎയ്ക്ക് ലഭിച്ചിട്ടില്ല. എഫ്ഐആര്‍ സ്വപ്ന സുരേഷ്, സരിത്, ഫൈസല്‍ ഫരീദ് അടക്കമുള്ളവരെ പ്രതിയാക്കിയായിരുന്നു. ഇവര്‍ക്കെതിരെ യുഎപിഎ നിയമത്തിലെ 16,17,18 വകുപ്പിന് പുറമെ ഭീകര പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരായ വകുപ്പ് 20 കൂടി ചേര്‍ത്തായിരുന്നു അന്വേഷണം.

Content Highlight: NIA submit charge sheet on Gold Smuggling