പുതിയ കൊറോണ വൈറസ് മനുഷ്യരിലേക്ക് എത്തിയത് മൃഗങ്ങളിൽനിന്നായിരിക്കാമെന്ന് നിഗമനം. ചൈനീസ് ലാബോറട്ടറിയിൽ നിന്നു പുറത്തുചാടിയ രോഗാണുവാണ് കൊവിഡ് രോഗത്തിനു കാരണമായതെന്ന സിദ്ധാന്തത്തെ തള്ളിക്കളയുന്നതാണ് ലോകാരോഗ്യ സംഘടന വിദഗ്ധരുടെ ഈ പ്രാഥമിക നിഗമനം. കൊറോണ വൈറസ് പടര്‍ന്നത് വവ്വാലുകളില്‍ നിന്നോ ഭക്ഷ്യവസ്തുക്കളില്‍ നിന്നോ ആകാമെന്ന് ഡബ്ല്യുഎച്ച്ഒ പറയുന്നു. വിവിധ രാജ്യങ്ങളുടെ പ്രതിനിധികളടക്കം 34 പേരടങ്ങുന്ന ലോകാരോഗ്യ സംഘടനയുടെ സംഘമാണ് വുഹാനില്‍ പഠനം നടത്തിയത്.
വൈറസ് മനുഷ്യനിലേക്ക് എത്തിയ വഴി സങ്കീര്‍ണമാണെന്നും കൊറോണ വൈറസുകളുടെ സമൃദ്ധ ഉറവിടമായ വവ്വാലുകളില്‍ നിന്ന് മറ്റ് ഏതെങ്കിലും മാധ്യമത്തിലൂടെയാവാം ഇവ മനുഷ്യനിലെത്തിയതെന്നു കരുതുന്നതായും 10 രാജ്യങ്ങളിലെ വിദഗ്ധരടങ്ങിയ സംഘം വ്യക്തമാക്കി. കൊവിഡ് ആദ്യം കണ്ടെത്തിയ ഡിസംബര്‍ 19ന് ആഴ്ചകള്‍ മുന്‍പു തന്നെ വുഹാനിലോ മറ്റിടങ്ങളിലോ വൈറസ് പടര്‍ന്നിട്ടുണ്ടാകാമെന്നും സംഘം പറഞ്ഞു.
വൈറസ് വുഹാനിലെ ലബോറട്ടറിയില്‍ സൃഷ്ടിക്കപ്പെട്ടതും അവിടെ നിന്ന് ചോര്‍ന്നതുമാണെന്ന വാദം തെറ്റാണെന്ന് കഴിഞ്ഞ ദിവസം വിദഗ്ധസമിതി അംഗം വ്ലാഡിമിര്‍ ദെഡ്കോവ് വ്യക്തമാക്കിയിരുന്നു. ലബോറട്ടറിയില്‍ സംഘം വിശദമായ പരിശോധന നടത്തിയിരുന്നു. എല്ലാ സുരക്ഷാ സംവിധാനത്തോടെയുമാണ് ലാബിന്റെ പ്രവര്‍ത്തനം. അവിടെ നിന്ന് വൈറസ് സമൂഹത്തിലേക്ക് പടരാന്‍ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വൈറസിന്റെ ഉറവിടമെന്ന് ആരോപിക്കപ്പെട്ടിരുന്ന വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും കൊവിഡ് രൂക്ഷമായിരുന്ന വുഹാനിലെ കടല്വിഭവച്ചന്തയും സംഘം സന്ദര്‍ശിച്ചു. കൂടുതല്‍ വിശദമായ പഠനം ആവശ്യമാണെന്ന് സംഘം പറഞ്ഞു.
content highlights: No indication of Covid in Wuhan before Dec 2019, lab leak virus theory ‘extremely unlikely’: WHO