ലോക്ഡൗണ്‍ ലംഘിച്ചവര്‍ക്കും സിഎഎ പ്രതിഷേധക്കാര്‍ക്കും ശിക്ഷയില്ല; തമിഴ്‌നാട്ടില്‍ പത്ത് ലക്ഷത്തിലധികം കേസുകള്‍ റദ്ദാക്കുന്നു

തമിഴ്‌നാട്ടില്‍ പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് സമരം ചെയ്തവര്‍ക്കും കൊവിഡ് ലോക്ഡൗണ്‍ ലംഘിച്ചവര്‍ക്കും എതിരായ കേസുകള്‍ സര്‍ക്കാര്‍ റദ്ദാക്കുന്നു. സിഎഎ പ്രതിഷേധക്കാര്‍ക്ക് എതിരായ 1500 കേസുകളും ലോക്ഡൗണ്‍ ലംഘിച്ചതിനുള്ള പത്ത് ലക്ഷത്തോളം കേസുകളുമാണ് സര്‍ക്കാര്‍ പിന്‍വലിക്കുന്നതെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു. പൊതു മുതലുകള്‍ക്ക് നാശമുണ്ടാക്കിയതും പൊലീസിനെ തടഞ്ഞതും ഉള്‍പ്പെടെ കേസുകൾ റദ്ദാക്കും. 

സിഎഎ നിയമം പാസാക്കിയതിനു പിന്നാലെ ചില സമുദായങ്ങളിലും സംഘത്തിലും ഉള്‍പ്പെടുന്നവര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധവും റാലിയും സംഘടിപ്പിക്കുകയും നേതാക്കളുടെ കോലങ്ങൾ കത്തിക്കുകയും ചെയ്തു. പൊലീസ് 1500 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ അക്രമം ഉള്‍പ്പെടെ ഗുരുതരമായ കേസുകളും പൊലീസിന്റെ ജോലി തടസപ്പെടുത്തിയതും ഒഴികെ എല്ലാം കേസുകളും പിന്‍വലിക്കുമെന്നാണ് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നത്. 

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ന്യൂനപക്ഷ വോട്ടുകളെ ലക്ഷ്യമിട്ടുള്ളതാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനമെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. തിരുപ്പൂരില്‍ മുസ്ലീം സമുദായങ്ങളുടെ യോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുത്തിരുന്നു. അതിനുശേഷമാണ് സിഎഎ പ്രതിഷേധകാര്‍ക്ക് എതിരായ കേസുകള്‍ റദ്ദാക്കുന്നത് ഉള്‍പ്പെടെ തീരുമാനം ഉണ്ടായിരിക്കുന്നത്. 

content highlights: Tamil Nadu to withdraw cases against anti-CAA protesters, lockdown violators