കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കി മഹാരാഷ്ട്ര. രാജ്യത്ത് കോവിഡ് കേസുകള്‍ കുറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ മഹാരാഷ്ട്രയിൽ കൊവിഡ് കേസുകൾ വർധിക്കുന്നത് വലിയ ആശങ്കയാണ് ഉയർത്തുന്നത്. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ദിവസേനയുള്ള കോവിഡ് കേസുകൾ വർധിച്ചാല്‍ വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്നാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. കൂടാതെ ദിവസേനയുള്ള കണക്കുകള്‍ അനുസരിച്ച് കോവിഡ് രണ്ടാം തരംഗമാണോ എന്നറിയാന്‍ 8 മുതല്‍ 15 ദിവസം വരെ എടുക്കുമെന്ന് താക്കറെ വ്യക്തമാക്കി. ലോക്ഡൗണ്‍ ഒഴിവാക്കണമെങ്കില്‍ എല്ലാവരും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
” നമുക്കൊരു ലോക്ഡൗണ്‍ ആവശ്യമുണ്ടോ? നിങ്ങള്‍ ഉത്തരവാദിത്തത്തോടെ പെരുമാറുകയാണെങ്കില്‍ അടുത്ത എട്ട് ദിവസത്തിനുള്ളില്‍ അതറിയാന്‍ പറ്റും. ലോക്ഡൗണ്‍ ആവശ്യമില്ലാത്തവര്‍ മാസ്ക് ധരിക്കും. ലോക്ഡൗണ്‍ ആഗ്രഹിക്കുന്നവര്‍ മാസ്ക് ധരിക്കില്ല. അതുകൊണ്ട് മാസ്ക് ധരിച്ച് ലോക്ഡൗണിനോട് ‘നോ’ പറയണമെന്നും” താക്കറെ പറഞ്ഞു. മൂന്നു മാസത്തെ ഇടവേളക്ക് ശേഷം രാജ്യത്ത് ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കഴിഞ്ഞ വെള്ളിയാഴ്ച മഹാരാഷ്ട്രയിലാണ്. 6000 കേസുകളാണ് അന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഞായറാഴ്ച 6,971 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 35 മരണവും റിപ്പോര്‍ട്ട് ചെയ്തു.
Content Highlights; “Lockdown If Cases Keep Rising For 8-15 Days,” Says Uddhav Thackeray