രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ മറ്റു രാജ്യങ്ങളിലേക്ക് വൻതോതിലുള്ള വാക്സിൻ കയറ്റുമതിക്ക് ഇന്ത്യ താത്ക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയതായി റിപ്പോർട്ട്. ആഭ്യന്തര ഉപഭോഗം ഉയരുന്നതിനാലാണ് സിറം ഇൻസ്റ്റിട്യൂട്ടിൽ നിന്നുള്ള വാക്സിൻ കയറ്റുമതി നിർത്തി വെക്കാനുള്ള നടപടി ഇന്ത്യ സ്വീകരിക്കുന്നതെന്ന് റോയിട്ടേഴ്സിന്റെ റിപ്പോർട്ടിൽ പറയുന്നു. കൂടുതൽ വാക്സിൻ ഡോസുകളുടെ കയറ്റുമതിയ്ക്കായുള്ള അനുമതി വൈകുന്നതിനാലാണ് ഇത്തരമൊരു സാഹചര്യം ഉടലെടുത്തതെന്നും മാർച്ച് അവസാനമോ ഏപ്രിലിലോ വാക്സിൻ കയറ്റുമതി സിറം ഇൻസ്റ്റിറ്റ്യൂട്ട് പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും യൂണിസെഫ് അറിയിച്ചു.
താഴ്ന്ന വരുമാനമാനമുള്ള 64 രാജ്യങ്ങളുടെ വാക്സിൻ ലഭ്യതയെ ഈ നടപടി ഗുരുതരമായി ബാധിക്കുമെന്ന് വാക്സിൻ വിതരണപങ്കാളിയായ യൂണിസെഫ് റോയിട്ടേഴ്സിനോട് പ്രതികരിച്ചു. ഗവി(GAVI)യും ലോകാരോഗ്യസംഘടനയും ആഗോള വാക്സിൻ പങ്കുവെക്കൽ സംവിധാനത്തിലൂടെ പിന്തുണ നൽകുന്ന രാജ്യങ്ങളാണിവ. ബ്രസീൽ, ബ്രിട്ടൻ, മൊറോക്കോ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലേക്കുള്ള വാക്സിൻ വിതരണം നിലവിൽ ഏറെക്കുറെ മന്ദഗതിയിലാണ്. വ്യാഴാഴ്ച മുതൽ ഇന്ത്യയിൽ നിന്ന് വാക്സിൻ കയറ്റുമതി നടന്നിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് സൂചിപ്പിക്കുന്നു.
ഏകദേശം 52 ദശലക്ഷം ഡോസ് വാക്സിൻ ഇന്ത്യയിൽ വിതരണം ചെയ്തതായാണ് കണക്കുകൾ. ഏപ്രിൽ ഒന്ന് മുതൽ 45 വയസിന് മേൽ പ്രായമുള്ളവർക്കു കൂടി വാക്സിൻ വിതരണം ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. 141 ദശലക്ഷം ഡോസുകളാണ് സിറം ഇൻസ്റ്റിറ്റ്യൂട്ടിനോട് സർക്കാർ ആവശ്യപ്പെട്ടിട്ടുള്ളത്. നിലവിലെ 70 ദശലക്ഷം ഡോസുകളുടെ ഉത്പാദനത്തിൽ നിന്ന് ഏപ്രിൽ/ മേയ് മാസത്തോടെ 100 ദശലക്ഷം ഡോസുകളാക്കി ഉത്പാദനശേഷി വർധിപ്പിക്കാനാണ് സിറം ലക്ഷ്യമിടുന്നതായി റോയ്ട്ടേഴ്സ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
Content Highlights: India Delays Big Exports Of Vaccine Shot As Infections Surge Report