ശ്രീലങ്കന്‍ സ്ഫോടനം: എന്‍ഐഎ സംഘം കൊളംബോയില്‍

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ ഭീകരാക്രണം അന്വേഷിക്കുന്നതിന്റെ ഭാഗമായി എന്‍ഐഎ സംഘം കൊളംബോയില്‍ എത്തി. ഭീകരാക്രമണത്തില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ ബന്ധം അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് രണ്ടംഗ എന്‍ഐഎ സംഘം കൊളംബോയിലെത്തിയത്. ചാവേര്‍ സ്‌ഫോടന പരമ്പരകളുടെ ഉത്തരവാദിത്തം നേരത്തെ ഐഎസ് ഏറ്റെടുത്തിരുന്നു.

ശ്രീലങ്കയില്‍ പോകുന്ന ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്ഫോടന പരമ്പരകളുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. സഹായം ആവശ്യമുള്ളവര്‍ക്ക് ഇന്ത്യന്‍ ഹൈക്കമ്മീഷനുമായി ബന്ധപ്പെടാമെന്നും മന്ത്രാലയം വ്യക്തമാക്കി. ശ്രീലങ്കയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം നേരത്തേയും മുന്നറിയിപ്പ് നല്‍കിയിരുന്നു.