വനിതാ വാര്‍ഡ് മെമ്പറെ മര്‍ദിച്ച് ബിജെപി എംഎല്‍എ

ബിജെപി എംഎല്‍എയെ കാണാനെത്തിയ വനിതാ വാര്‍ഡ് മെമ്പര്‍ക്ക് മര്‍ദനമേറ്റു. ഗുജറാത്തിലെ നരോധ മണ്ഡലത്തിലെ ബിജെപി എംഎല്‍എ ബല്‍റാം തവാനിയാണ് പരാതി നല്‍കാന്‍ ഓഫീസിലെത്തിയ എന്‍സിപി അംഗമായ വാര്‍ഡ് മെമ്പറെ ആള്‍ക്കൂട്ടം നോക്കി നില്‍ക്കെ മര്‍ദ്ദിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

പ്രദേശത്ത് ജലക്ഷാമം രൂക്ഷമാണെന്നും പരിഹാരം കാണമെന്നുമുള്ള നിവേദനവുമായാണ് വനിതാ വാര്‍ഡ് മെമ്പര്‍ എംഎല്‍എയെ കാണാനെത്തിയത്. എന്നാല്‍ ഒരു കാരണവുമില്ലാതെ ബല്‍റാം തവാനി യുവതിയെ മര്‍ദിക്കുകയായിരുന്നു. എംഎല്‍എയുടെ അനുയായികളും ഇവരെ ആക്രമിച്ചു.

സംഭവം വിവാദമായതോടെ വിശദീകരണവുമായി ബല്‍റാം തവാനി രംഗത്തെത്തി. തന്നെ ആക്രമിക്കാനാണ് അവര്‍ എത്തിയതെന്നും തനിക്കു നേരെയുണ്ടായ മര്‍ദനശ്രമത്തെ പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.