ന്യൂഡല്‍ഹി: ചാരനെന്ന് ആരോപിച്ച് പാക്കിസ്ഥാന്‍ തടവില്‍ വച്ചിരിക്കുന്ന കുല്‍ഭൂഷന്‍ ജാധവിനെ വിട്ടയക്കണമെന്ന് ഇന്ത്യ. ജാധവിനെതിരായ ആരോപണങ്ങള്‍ തെറ്റാണെന്നും നയതന്ത്ര സഹായത്തിന് ജാധവ് അര്‍ഹനാണെന്നാണ് വ്യക്തമാക്കിയുള്ള അന്തരാഷ്ട്ര കോടതിയുടെ വിധി സ്വാഗതം ചെയ്യുന്നുവെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി ജയശങ്കര്‍ പറഞ്ഞു. വിഷയത്തില്‍ രാജ്യസഭയിലാണ് മന്ത്രി പ്രസ്താവന നടത്തിയത്. വിയന്ന കരാര്‍ പാകിസ്ഥാന്‍ ലംഘിച്ചുവെന്ന ഇന്ത്യയുടെ നിലപാട് രാജ്യാന്തര കോടതി അംഗീകരിച്ചുവെന്ന് ജയശങ്കര്‍ പറഞ്ഞു.
എത്രയും പെട്ടന്ന് ജാധവിനെ മോചിതനാക്കി ഇന്ത്യയ്ക്ക് കൈമാറാന്‍ പാകിസ്താന്‍ തയ്യാറാകണമെന്ന് ജയശങ്കര്‍ ആവശ്യപ്പെട്ടു. ഇന്ത്യയുടെ സമ്പൂര്‍ണമായ വിജയമാണ് അന്താരാഷ്ട്ര കോടതിയില്‍ ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര കോടതി വിധിയെ രാജ്യസഭാധ്യക്ഷന്‍ വെങ്കയ്യ നായിഡു സ്വാഗതം ചെയ്തു. കുല്‍ഭൂഷണ്‍ ജാധവിനെ മോചിപ്പിക്കാനുള്ള നടപടികള്‍ തുടരണമെന്ന് സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. അന്താരാഷ്ട്ര കോടതിയില്‍ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കാനായി പരിശ്രമിച്ച ഹരീഷ് സാല്‍വേയുടെ നേതൃത്വത്തിലുള്ള അഭിഭാഷകരും നയതന്ത്രജ്ഞരും ഉള്‍പ്പെട്ട സംഘത്തെ അദ്ദേഹം അഭിനന്ദിച്ചു.