മോസ്കോ: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ പ്രഥമ ദൗത്യമായ ഗഗന്യാനില് പങ്കെടുക്കുന്ന ബഹിരാകാശ യാത്രികര്‍ക്ക് പരിശീലനം നല്‍കുന്നത് റഷ്യ. ഇതിനുള്ള കരാര്‍ റഷ്യയുടെ സ്പേസ് ഏജന്‍സി റോസ്കോസ്മോസിന്റെ ഉപസ്ഥാനമായ ക്ലാസ്കോസ്മോസുമായി ഐഎസ്ആര്‍ഒ ഒപ്പു വച്ചു. പരിശീലനം നേടുന്നതിനായി ഇന്ത്യയുടെ ബഹിരാകാശ യാത്രികരായ നാല് പേര് നവംബര്‍ മാസത്തോടെ റഷ്യയിലേക്ക് തിരിക്കും.
2022ല്‍ നടപ്പിലാക്കാനിരിക്കുന്ന ഗഗന്‍യാനു വേണ്ടി യൂറി ഗഗാറിന് കോസ്മനോട്ട് ട്രെയ്നിങ് കേന്ദ്രത്തില്‍ 15 മാസമാണ് യാത്രികര്‍ക്ക് പരിശീലനം നല്‍കുന്നത്. റഷ്യയില്‍ പരിശീലനം കഴിഞ്ഞെത്തുന്ന ഇവര്‍ക്ക് ഇന്ത്യയില്‍ വച്ച് എട്ടു മാസം പരിശീലനം നല്‍കും.
ഗഗന്യാന് പദ്ധതിയിലെ വര്‍ദ്ധിച്ചു വരുന്ന ഇന്ത്യ-റഷ്യ സഹകരണം പരിഗണിച്ച് മോസ്കോയിലെ ഇന്ത്യന്‍ എംബസിയില്‍ ഐഎസ്ആര്‍ഒയുടെ പ്രത്യേക യൂണിറ്റ് സ്ഥാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.