കുഴൽകിണർ അപകടങ്ങൾ ആവർത്തിക്കാൻ അനുവദിക്കില്ല; നടപടികളുമായി തമിഴ്നാട് സർക്കാർ

ഇനിയും കുഴൽകിണർ അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ ആരംഭിച്ച് തമിഴ്നാട് സർക്കാർ. തിരുച്ചിറപ്പള്ളിയില്‍ രണ്ടരവയസുകാരന്‍ കുഴല്‍ കിണറില്‍ വീണ് മരണപ്പെട്ട സാഹചര്യത്തിലാണ് നടപടി. വെള്ളമില്ലാത്ത കുഴല്‍കിണറുകള്‍ മഴക്കുഴികളാക്കി മാറ്റാനാണ് സര്‍ക്കാര്‍ തീരുമാനം. 

ഭൂഗര്‍ഭ ജലത്തിലേക്കു മാലിന്യങ്ങള്‍ കലരാതിരിക്കാന്‍ കുഴല്‍ കിണറുകള്‍ക്കു മുകളില്‍ പ്രത്യേക അരിപ്പയും അടപ്പും സ്ഥാപിച്ചാണ് മഴക്കുഴികള്‍ നിര്‍മ്മിക്കുന്നത്. ഭൂഗര്‍ഭജല വിതാനം ഉയര്‍ത്താമെന്നതോടൊപ്പം അപകടങ്ങള്‍ ഒഴിവാക്കാം എന്നാണ് പദ്ധതി ലക്ഷ്യമിടുന്നത്. കൂടാതെ മഴക്കുഴികളാക്കാന്‍ കഴിയാത്തവ പൂര്‍ണമായി മൂടണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.

Image result for sujith borewell
സുജിത്തിനു വേണ്ടി നടത്തിയ രക്ഷാപ്രവർത്തനം

ഇതിനുപുറമെ കുഴല്‍കിണര്‍ അപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനുള്ള പുതിയ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നവര്‍ക്കു സംസ്ഥാന ഐടി വകുപ്പ് അഞ്ചു ലക്ഷം രൂപ സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തകരുടെ മാത്രമല്ല, രാജ്യത്തെയാകെ  ഈറനണിയിച്ചതായിരുന്നു സുജിത്തിന്റെ മരണം. തുടക്കത്തിലുണ്ടായ വീഴ്ചയാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്ന ആക്ഷേപം കണക്കിലെടുത്താണ് നടപടികൾ ശക്തമാക്കിയിരിക്കുന്നത്. 

Content Highlights: The Government of Tamil Nadu has initiated steps to prevent Borewell accidents.