ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണ നില ഗുരുതരാവസ്ഥയില്‍ തുടരുന്നു; സുപ്രീം കോടതിക്കു റിപ്പോര്‍ട്ട് നല്‍കും 

Delhi-air-pollution-will-submit-report-on-supreme-court

നേരിയ പൊടിക്കാറ്റ് വീശിയത് അന്തരീക്ഷം ഒരല്പം മെച്ചപ്പെടാന്‍ സഹായിച്ചെങ്കിലും ഡല്‍ഹിയിലെ വായു മലിനീകരണ നില അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. വായു മലീനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പൊതുജന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. എന്നാല്‍ വായു മലിനീകരണത്തിൻറെ തോത് ഇതുവരെ കുറയ്ക്കുവാൻ  കഴിഞ്ഞിട്ടില്ല. ഈ സാഹചര്യം നിലനില്‍ക്കുന്ന അവസ്ഥയില്‍ വായു മലിനീകരണം നിയന്ത്രിക്കാന്‍ സ്വീകരിച്ച നിയന്ത്രണ നടപടികള്‍ അടങ്ങിയ വിശദ റിപ്പോര്‍ട്ട് മലിനീകരണ നിയന്ത്രണ അതോറിറ്റി നാളെ സുപ്രീം കോടതിക്കു കൈമാറും.  

ഇന്നലെ ചെറിയ തോതില്‍ മഴയും കാറ്റും ഉണ്ടായെങ്കിലും വായു ഗുണ നിലവാര സൂചിക ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ദ്വാരക, ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയം എന്നിവടങ്ങളിലാണ് കൂടുതല്‍ വായു മലിനീകരണം രേഖപ്പെടുത്തിയിട്ടുള്ളത്. രോഗബാധിതരായ ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണവും വളരെ കൂടുതലാണ്. കഴിഞ്ഞ ദിവസം വായു മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച പൊതുജന ആരോഗ്യ അടിയന്തരാവസ്ഥ ഫലപ്രാപ്തിയില്‍ എത്താന്‍ ഇനിയും ദിവസങ്ങള്‍ വേണ്ടി വരുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. മലിനീകരണ നിയന്ത്രണ പദ്ധതിയായ ഒറ്റ ഇരട്ട വാഹന നിയന്ത്രണം നാളെ മുതല്‍ ആരംഭിക്കും. ഒന്നിട വിട്ടാകും വാഹനങ്ങള്‍ക്ക് നിരത്തിലിറക്കാന്‍ കഴിയുക. അതിനാല്‍ തന്നെ ഓഫീസുകളുടെ പ്രവര്‍ത്തന സമയത്തിലും ക്രമീകരണം നടത്തിയിട്ടുണ്ട് .