നഗ്നത സെന്‍സര്‍ ചെയ്തതില്‍ തുണിയുരിഞ്ഞ് പ്രതിഷേധം

ഫേയ്ബുക്കിന്റെ നഗ്നത സെന്‍സര്‍ഷിപ്പ് നയത്തിനെതിരെ പ്രതിഷേധിച്ച് ന്യൂയോര്‍ക്കിലെ ഫേസ്ബുക്ക് ഓഫിസിന് മുന്നില്‍ നൂറോളം ആളുകള്‍ നഗ്നത പ്രദര്‍ശനം നടത്തി. ഞാറാഴ്ച രാവിലെ മുതലാണ് പ്രതിഷേധക്കാര്‍ റോഡില്‍ നഗ്നരായി കിടന്ന് പ്രതിഷേധം രേഖപ്പെടുത്തിയത്. പുരുഷ മുലഞെട്ടിന്റെ വലിയ ചിത്രം കൊണ്ട് സ്വകാര്യ ഭാഗങ്ങള്‍ മറച്ചുപിടിച്ചാണ് ഇവര്‍ പ്രതിഷേധിച്ചത്.

സ്ത്രീ ശരീരത്തിന്റെ പദവിയുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി ശാക്തീകരണം നടത്തിവരുന്ന ‘ഗ്രാബ് ദെം ബൈ ദ ബാലറ്റ്’ എന്ന സംഘടന ഫെയ്സ്ബുക്കില്‍ പങ്കുവെച്ച സ്ത്രീകളുടെ കലാപരമായ നഗ്‌നചിത്രങ്ങള്‍ ഫെയ്സ്ബുക്ക് തുടര്‍ച്ചയായി നീക്കം ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് #വീ ദ നിപ്പിള്‍ എന്ന പേരില്‍ അമേരിക്കന്‍ കലാകാരനായ സ്പെന്‍സര്‍ ട്യൂണിക്കും നാഷണല്‍ കോ അലീഷന്‍ എഗെയ്ന്‍സ്റ്റ് സെന്‍സര്‍ഷിപ്പും (എന്‍.സി.എ.സി.) ചേര്‍ന്ന് പ്രതിഷേധ സമരം സംഘടിപ്പിച്ചത്. മാതൃദിനത്തിന് വേണ്ടി തയ്യാറാക്കിയ ചിത്രവും ഈ രീതിയില്‍ നീക്കം ചെയ്യപ്പെട്ടുവെന്ന് എന്‍.സി.എ.സി സംഘടന സ്ഥാപകയായ ഡൗണ്‍ റോബേര്‍ട്ടസണ്‍ പറയുന്നു.

ഫെയ്സ്ബുക്കിന്റേയും ഇന്‍സ്റ്റഗ്രാമിന്റേയും കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ് വഴി കലാപരമായ സ്ത്രീ നഗ്‌നത സെന്‍സര്‍ ചെയ്യുന്നതിനെയാണ് തങ്ങള്‍ ചോദ്യം ചെയ്യുന്നതെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കി. എന്നാല്‍ സമരങ്ങള്‍, ബോധവല്‍ക്കരണം, വിദ്യാഭ്യാസം, ആരോഗ്യരംഗം തുടങ്ങി കാരണങ്ങളാല്‍ നഗ്‌നത പങ്കുവെക്കപ്പെടുമെന്ന് മനസിലാക്കുന്നുവെന്നും അത്തരം കാരണങ്ങള്‍ വ്യക്തമാണെങ്കില്‍ ആ രീതിയീലുള്ള ചിത്രങ്ങള്‍ അനുവദിക്കുമെന്നും ഫെയ്സ്ബുക്കിന്റെ കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ് വ്യവസ്ഥകളില്‍ പറയുന്നു.