കേരള കോണ്‍ഗ്രസിലെ തര്‍ക്കം പരിഹരിക്കാന്‍ സമവായ നീക്കവുമായി താത്കാലിക ചെയര്മാന് പി.ജെ.ജോസഫ് മുന്നോട്ട് വന്നു. സി.എഫ്.തോമസ് ചെയര്‍മാനാകുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്ന് പി.ജെ.ജോസഫ് വ്യക്തമാക്കി. ജോസ്.കെ.മാണി എംപി ഡെപ്യൂട്ടി ചെയര്‍മാനും താന്‍ നിയമസഭാ കക്ഷി നേതാവും ആകുമെന്നുള്ള ഫോര്‍മുലയാണ് പി.ജെ.ജോസഫ് മുന്നോട്ട് വെക്കുന്നത്. കെ.എം.മാണിയുടെ മരണത്തെ തുടര്‍ന്ന് നേരത്തെ തന്നെ അഭിപ്രായം മുന്നോട്ട് വെച്ചിരുന്നെങ്കിലും ജോസ് കെ.മാണി വിഭാഗം ഇതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇപ്പോള്‍ അത് വീണ്ടും ഉയര്‍ത്തിക്കൊണ്ട് വന്നിരിക്കുകയാണ് പി.ജെ.ജോസഫ്. മധ്യസ്ഥര്‍ ഇടപെട്ടുള്ള ചര്‍ച്ചകള്‍ നടത്തിയിട്ടും സമവായത്തിലെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് നേരത്തെയെടുത്ത തീരുമാനം വീണ്ടും ജോസഫ് വിഭാഗം മുന്നോട്ട് വെക്കുന്നത്.
എന്നാല്‍ സി.എഫ് തോമസില്‍ നിന്ന് ചെയര്മാന് സ്ഥാനം പിന്നീട് പി.ജെ.ജോസഫിലേക്ക് തന്നെ എത്തുമെന്നും അത് രാഷ്ട്രീയമായി കനത്ത തിരിച്ചടിയാകുമെന്നും ജോസ്.കെ.മാണി വിഭാഗം കണക്ക് കൂട്ടുന്നു. അതേ സമയം ഒരു തരത്തിലുമുള്ള സമവായ നീക്കത്തിനും ഇല്ലാതെ സംസ്ഥാന കമ്മിറ്റി യോഗം വിളിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് പി.ജെ.ജോസഫ്.