കണ്ണൂരിലെ ആന്തൂറിൽ വ്യവസായി കൺവെൻഷൻ സെന്ററിന് അനുമതി ലഭിക്കാത്തതിനെ തുടർന്ന് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്നാഴ്ചക്കകം സമഗ്ര റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈകോടതി ചീഫ് ജസ്റ്റിസ് സർക്കാറിനോട് നിർദേശിച്ചു. ആത്മഹത്യയുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുത്തുകൊണ്ടാണ് കോടതിയുടെ നിർദേശം. മരണത്തിന് പിന്നിലെ സത്യം പുറത്ത് വരണമെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ കേസ് പരിഗണിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പൊതുതാത്പര്യമുള്ള വിഷയമായതിനാൽ ചീഫ്ജസ്റ്റിസ് നേരിട്ടാണ് കേസ് പരിഗണിച്ചത്.
വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തണം. ആന്തൂർ മുനിസിപ്പാലിറ്റിയും വ്യവസായിയായ സാജനും തമ്മിൽ നടന്ന ആശയവിനിമയം സംബന്ധിച്ചുള്ള വിവരങ്ങൾ റിപ്പോർട്ടിൽ ഉണ്ടാവണം. മരിച്ചവരെ തിരികെ കൊണ്ടുവരാൻ സാധിക്കില്ലെങ്കിലും ജനങ്ങൾക്ക് ആത്മവിശ്വാസം നൽകാനുതകുന്ന പോസിറ്റിവ് ആയ നടപടികളാണ് സർക്കാർ സ്വീകരിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.
ഏതെങ്കിലും ഒരു വ്യക്തി ഒരു അപേക്ഷ നൽകിയാൽ അത് അധികൃതർ തീരുമാനമെടുക്കാതിരിക്കുന്നത് തെറ്റാണ്. ഒന്നുകിൽ സ്വീകരിക്കുകയോ അല്ലെങ്കിൽ മടക്കി അയക്കുകയോ അടിയന്തരമായി ചെയ്യണം. വ്യവസായങ്ങളെ ബാധിക്കാത്ത വിധത്തിലുള്ള നടപടികളാണ് അധികൃതർ സ്വീകരിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.
സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നഗരസഭ ലൈസൻസ് നിഷേധിച്ചതെന്നും തനിക്കൊരിക്കലും അനുമതി ലഭിക്കില്ലെന്ന് മനസിലാക്കിയാണ് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തതെന്നുമാണ് കുടുംബം ആരോപിക്കുന്നത്. എന്തു തന്നെയായാലും നഗരസഭയുടെ കടുംപിടിത്തമാണ് സാജന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കോടതി വിലയിരുത്തി.
അനുമതി മനഃപൂർവം വൈകിപ്പിച്ചെന്ന് കരുതാൻ ന്യായമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത്തരം നടപടി ഭാവി സംരംഭകർക്ക് തെറ്റായ സന്ദേശമാണ് നൽകുന്നത്. അനാവശ്യമായ രാഷ്ട്രീയ ഇടപെടലുകളും സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾക്ക് വെല്ലുവിളി ഉയർത്തുന്നതാണെന്ന് ഹൈകോടതി നിരീക്ഷിച്ചു. ജില്ലാ ടൗൺ പ്ലാനർ, നഗരസഭാ സെക്രട്ടറി, തദ്ദേശ സ്വയംഭരണ സെക്രട്ടറി എന്നിവരാണ് കേസിലെ എതിർകക്ഷികൾ.
സംഭവവുമായി ബന്ധപ്പെട്ട് നാല് ഉദ്യോഗസ്ഥരെ സംസ്ഥാന സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. ആന്തൂർ നഗരസഭ സെക്രട്ടറി ഗിരീഷ്, അസിസ്റ്റന്റ് എൻജിനീയർ കെ. കലേഷ്, ഫസ്റ്റ് ഗ്രേഡ് ഒാവർസിയർമാരായ ടി. അഗസ്റ്റിൻ, ബി. സുധീർ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
ആന്തൂർ നഗരസഭ പരിധിയിൽ ഒാഡിറ്റോറിയത്തിന് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നത് വൈകിയതിൽ മനംനൊന്താണ് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തത്. പാർഥാ ബിൽഡേഴ്സ് എം.ഡിയും നൈജീരിയയിൽ പ്രവാസിയുമായ ചിറക്കൽ അരയമ്പേത്ത് സരസ്വതി വിലാസം യു.പി സ്കൂളിന് സമീപം പാറയിൽ ഹൗസിൽ സാജനാണ് (48) കഴിഞ്ഞ ചൊവ്വാഴ്ച തൂങ്ങി മരിച്ചത്.
ആന്തൂർ നഗരസഭയിലെ ബക്കളത്ത് സാജൻ 15 കോടിയോളം രൂപ മുടക്കി നിർമിച്ച കൺവെൻഷൻ സെന്ററിന്റെ പ്രവർത്തനം തുടങ്ങുന്നതിന് ആവശ്യമായ രേഖകൾ നഗരസഭയിൽ നിന്ന് ലഭിച്ചിരുന്നില്ല. നാലു മാസമായി നിരന്തരം നഗരസഭ അധികൃതരെ സമീപിച്ചിട്ടും ലഭിക്കാത്തതിനാൽ സാജൻ മനഃപ്രയാസത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
മുഴുവൻ സമ്പാദ്യവും മുടക്കിയാണ് സ്വപ്നപദ്ധതിയായ കൺവെൻഷൻ സെന്റർ നിർമിച്ചത്. നിർമാണത്തിൽ അപാകത ആരോപിച്ച് ഏതാനും മാസം മുമ്പ് നഗരസഭ നോട്ടീസ് നൽകി. തുടർന്ന് നടന്ന പരിശോധനയിൽ കാര്യമായ അപാകത കണ്ടെത്താനായില്ല. എന്നാൽ, നിർമാണം പൂർത്തിയായിട്ടും കംപ്ലീഷൻ സർട്ടിഫിക്കറ്റും ഒക്കുപെൻസി സർട്ടിഫിക്കറ്റും നഗരസഭ നൽകിയില്ല. നഗരസഭക്ക് നൽകിയ പ്ലാൻ പ്രകാരമല്ല നിർമാണം എന്ന് പറഞ്ഞാണ് ഇവ നിഷേധിച്ചതെന്നും ബന്ധുക്കൾ പറയുന്നു.