യുവതിയെ പീഡിപ്പിച്ചുവെന്ന കേസിൽ ബിനോയ് കോടിയേരി മുൻകൂർ ജാമ്യാപേക്ഷ നൽകി. മുംബൈ ദിൻദോഷി സെഷൻസ് കോടതിയിലാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ജാമ്യാപേക്ഷ കോടതി ഇന്ന് തന്നെ പരിഗണിക്കും. ഈ മാസം 13നാണ് മുംബൈ ഒഷിവാര പൊലീസ് സ്റ്റേഷനിൽ ബിനോയ് കോടിയേരിക്കെതിരെ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തത്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും എട്ടു വയസ്സുള്ള കുട്ടിയുടെ പിതാവ് ബിനോയ് ആണെന്നുമാണ് മുംബൈയിൽ സ്ഥിരതാമസമാക്കിയ ബിഹാർ യുവതിയുടെ പരാതി.
കുഞ്ഞിന്റെ പിതാവ് ബിനോയ് ആണെന്ന് തെളിയിക്കാൻ ഡി.എൻ.എ പരിശോധനക്ക് തയാറാണെന്ന് പരാതിക്കാരി വ്യക്തമാക്കിയിരുന്നു. കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റിലും പാസ്പോർട്ടിലും പിതാവിന്റെ പേര് ബിനോയിയുടേതാണെന്നും പരാതിക്കാരിയുമായി ബന്ധപ്പെട്ടവർ പറഞ്ഞു.
അഞ്ചു കോടി ആവശ്യപ്പെട്ട് ബിനോയിക്കെതിരെ വക്കീൽ നോട്ടീസ് അയച്ച ശേഷമാണ് യുവതി പരാതി നൽകിയത്. കഴിഞ്ഞ വെള്ളിയാഴ്ച പ്രഥമാന്വേഷണ റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിച്ചിരുന്നു.