ആന്തൂരിൽ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഹൈകോടതി സ്വമേധയാ കേസെടുത്തു. ഏത് സാഹചര്യത്തിലാണ് ഒാഡിറ്റോറിയത്തിന് അനുമതി നിഷേധിച്ചത്, നിയമപരമല്ലാത്ത കാരണങ്ങളുണ്ടോ, നിയമപരമല്ലാത്ത പ്രവർത്തനങ്ങൾ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായോ, രാഷ്ട്രീയ സമ്മർദങ്ങളാണോ അനുമതി നിഷേധിക്കാൻ ഇടയാക്കിയത് തുടങ്ങിയ കാര്യങ്ങളാണ് ഹൈകോടതി പരിശോധിക്കുക. നിർമാണം പൂർത്തിയാക്കിയ ഒാഡിറ്റോറിയത്തിന് അനുമതി നിഷേധിച്ചത് നിയമപരമായി പരിശോധിക്കണമെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് കോടതി നടപടി.
ആന്തൂർ നഗരസഭ പരിധിയിൽ ഒാഡിറ്റോറിയത്തിന് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നത് വൈകിയതിൽ മനംനൊന്താണ് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തത്. പാർഥാ ബിൽഡേഴ്സ് എം.ഡിയും നൈജീരിയയിൽ പ്രവാസിയുമായ ചിറക്കൽ അരയമ്പേത്ത് സരസ്വതി വിലാസം യു.പി സ്കൂളിന് സമീപം പാറയിൽ ഹൗസിൽ സാജനാണ് (48) കഴിഞ്ഞ ചൊവ്വാഴ്ച തൂങ്ങി മരിച്ചത്.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് നാല് ഉദ്യോഗസ്ഥരെ സംസ്ഥാന സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. ആന്തൂർ നഗരസഭ സെക്രട്ടറി ഗിരീഷ്, അസിസ്റ്റന്റ് എൻജിനീയർ കെ. കേലഷ്, ഫസ്റ്റ് ഗ്രേഡ് ഒാവർസിയർമാരായ ടി. അഗസ്റ്റിൻ, ബി. സുധീർ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
ആന്തൂർ നഗരസഭയിലെ ബക്കളത്ത് സാജൻ 15 കോടിയോളം രൂപ മുടക്കി നിർമിച്ച കൺവെൻഷൻ സെന്ററിന്റെ പ്രവർത്തനം തുടങ്ങുന്നതിന് ആവശ്യമായ രേഖകൾ നഗരസഭയിൽ നിന്ന് ലഭിച്ചിരുന്നില്ല. നാലു മാസമായി നിരന്തരം നഗരസഭ അധികൃതരെ സമീപിച്ചിട്ടും ലഭിക്കാത്തതിനാൽ സാജൻ മനഃപ്രയാസത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
മുഴുവൻ സമ്പാദ്യവും മുടക്കിയാണ് സ്വപ്നപദ്ധതിയായ കൺവെൻഷൻ സെന്റർ നിർമിച്ചത്. നിർമാണത്തിൽ അപാകത ആരോപിച്ച് ഏതാനും മാസം മുമ്പ് നഗരസഭ നോട്ടീസ് നൽകി. തുടർന്ന് നടന്ന പരിശോധനയിൽ കാര്യമായ അപാകത കണ്ടെത്താനായില്ല. എന്നാൽ, നിർമാണം പൂർത്തിയായിട്ടും കംപ്ലീഷൻ സർട്ടിഫിക്കറ്റും ഒക്കുപെൻസി സർട്ടിഫിക്കറ്റും നഗരസഭ നൽകിയില്ല. നഗരസഭക്ക് നൽകിയ പ്ലാൻ പ്രകാരമല്ല നിർമാണം എന്ന് പറഞ്ഞാണ് ഇവ നിഷേധിച്ചതെന്നും ബന്ധുക്കൾ പറയുന്നു.