കോടതിയിലെത്തുന്ന കക്ഷികള്‍ക്കെല്ലാം സൗകര്യങ്ങള്‍ ഒരുക്കണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശം നടപ്പാക്കാന്‍ ഒരുങ്ങുകയാണ് കേരളം. ഇതിനായി 11.34 കോടി രൂപ മാറ്റിവക്കാന്‍ തീരുമാനമായി. ഒരോ കോടതിയുടേയും ആവശ്യങ്ങള്‍ ഹൈക്കോടതിയെ അറിയിക്കാന്‍ ജില്ലാ ജഡ്ജിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷം തന്നെ സൗകര്യങ്ങള്‍ കൊണ്ടുവരാനാണ് തീരുമാനം.
കോടതി സമുച്ചയത്തില്‍ ഏത് കോടതി എവിടെ പ്രവര്‍ത്തിക്കുവെന്നറിയാന്‍ സഹായ കേന്ദ്രം, മുലയൂട്ടാനുള്ള സൗകര്യം, കക്ഷികള്‍ക്ക് കോടതിയോട് ചേര്‍ന്ന് മുറിക്കുള്ളില്‍ ഇരിക്കാനുള്ള സൗകര്യം, ഭിന്നശേഷിക്കാര്‍ക്കും പ്രായമായവര്‍ക്കും കാത്തിരിപ്പ് മുറിയിലും കോടതിയിലും കേറാനുള്ള റാമ്പുകള്‍, ശുദ്ധജലത്തിനുള്ള സൗകര്യം തുടങ്ങിയ സൗകര്യങ്ങളാണ് കോടതികളില്‍ ഒരുക്കാന്‍ തീരുമാനമായത്. ജില്ലാ കോടതികള്‍, സിവില്‍ സെഷന്‍സ് കോടതികള്‍, മജിസ്‌ട്രേട്ട് കോടതികള്‍, കുടുംബകോടതികള്‍, ക്രിമിനല്‍ കോടതികള്‍, സി.ബി.ഐ കോടതികള്‍, മോട്ടോര്‍ വാഹനാപകട കോടതികള്‍ എന്നിവടങ്ങളിലായിരിക്കും സൗകര്യങ്ങള്‍ നടപ്പാക്കുക.