വിവരാവകാശ ഭേദഗതി ബില്‍ പാസാക്കി; ബില്ലിനെതിരെ പ്രതിപക്ഷത്തിന്റെ പ്രതിഷേധം

കടപ്പാട്

ന്യൂഡല്‍ഹി: വിവരാവകാശ ഭേദഗതി ബില്‍ സിലക്ട് മ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി ബില്‍ രാജ്യസഭയില്‍ പാസാക്കി. കേന്ദ്ര, സംസ്ഥാന വിവരാവകാശ കമ്മീഷണര്‍മാരുടെ സേവന കാലാവധിയും ശമ്പളവും നിശ്ചയിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് വിവരാവകാശ ഭേദഗതി ബില്‍.

ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുമ്പോള്‍ ബില്‍ കീറിയെറിഞ്ഞും വോട്ടെടുപ്പ് തടസ്സപ്പെടുത്തിയും പ്രതിപക്ഷം പ്രതിഷേധിച്ചു. ജനാധിപത്യത്തെ ഇല്ലാതാക്കുന്നുവെന്ന പറഞ്ഞുകൊണ്ട് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

വിവരാവകാശ നിയമം ദുര്‍ബമാക്കാനും വിവരാവകാശ കമ്മീഷന്റെ ഭരണഘടന പദവി ഇല്ലാതാക്കാനുമാണ് ലക്ഷ്യമിടുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ വാദം. എന്നാല്‍ ഇത് അടിസ്ഥാന രഹിതമെന്ന് സര്‍ക്കാര്‍ പറഞ്ഞു.

വിവരാവകാശ നിയമത്തെ പൂര്‍ണമായും അട്ടിമറിക്കുന്ന ഭേദഗതിയാണ് മോദി സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നു യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി പറഞ്ഞു. വിശാലമായ ചര്‍ച്ചകള്‍ക്കു ശേഷം പാര്‍ലമെന്റ് ഏകകണ്ഠമായി പാസാക്കിയ ബില്‍ ഇല്ലാതാകുന്ന അവസ്ഥയാണുള്ളതെന്നും സോണിയ ഗാന്ധി പറഞ്ഞു. വിവരാവകാശ നിയമത്തില്‍ മാറ്റം വരുന്നതോടെ വിവരാവകാശ കമ്മിഷന്റെ സ്വാതന്ത്ര്യം ഇല്ലാതാകുമെന്നും പ്രതിപക്ഷം ഉന്നയിച്ചു. ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഇല്ലാതാകുന്ന സാഹചര്യത്തില്‍ സത്യസന്ധരായ ഉദ്യോഗസ്ഥര്‍ പോലും വിവരങ്ങള്‍ പുറത്തുവിടാന്‍ മടിക്കുമെന്നും പ്രതിപക്ഷം പറഞ്ഞു.