രാജ്യസഭയും കടന്ന് കാർഷിക ബില്ലുകൾ; ബിൽ വലിച്ചു കീറി പ്രതിപക്ഷത്തിന്റെ പ്രതിഷേധം

rajayasabha passes farm bills by voice vote

കേന്ദ്ര സർക്കാറിന്‍റെ വിവാദമായ കാർഷിക ബില്ലുകൾ രാജ്യസഭയിൽ പാസായി. ബില്ലിനെതിരെ അതിശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. ചെയറിന് മുന്‍പില്‍ ഡെറിക് ഒബ്രിയാന്‍ ബില്ലിന്‍റെ കോപ്പി വലിച്ചുകീറി. പ്രതിപക്ഷ ബഹളത്തിനിടെ ശബ്ദവോട്ടോടെയാണ് ബിൽ പാസായത്. സെപ്റ്റംബർ 17ന് ഈ ബില്ലുകൾ ലോക്സഭ പാസ്സാക്കിയിരുന്നു. മന്ത്രിസഭ വിട്ട ശിരോമണി അകാലിദൾ ഒഴികെ എൻഡിഎയിലെ എല്ലാ പാർട്ടികളും സർക്കാരിനൊപ്പം നിന്നു. അണ്ണാ ഡിഎംകെയും ബിജുജനതാദളും ചില വ്യവസ്ഥകളിൽ ആശങ്ക പ്രകടിപ്പിച്ചെങ്കിലും ബില്ല് പാസാക്കാൻ സഹായിച്ചു.

മുൻ നിശ്ചയിച്ചതിന് വിരുദ്ധമായി സഭാ നടപടികൾ നീട്ടി കൊണ്ടു പോകാൻ ഉപാധ്യക്ഷന്‍ ശ്രമിച്ചതാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനു തുടക്കം കുറിച്ചത്. കാർഷിക ബില്ലുകൾ കർഷകരുടെ മരണ വാറണ്ടെന്ന് കോൺഗ്രസ് അംഗം പ്രതാവ് സിങ് ബജ്വ ആരോപിച്ചു. ഫെഡറല്‍ സംവിധാനം പൂര്‍ണമായും തകര്‍ക്കുന്നതാണ് ബില്ലെന്ന് കെ കെ രാഗേഷ് എം പി പറഞ്ഞു. ബില്‍ കര്‍ഷകര്‍ക്ക് നല്ലതാണെങ്കില്‍ ബിജെപിയുടെ സഖ്യകക്ഷി അകാലിദള്‍ എന്തിനാണ് മന്ത്രിസ്ഥാനം രാജിവെച്ചതെന്ന് കോണ്‍ഗ്രസ് ചോദിച്ചു.

സംസ്ഥാനങ്ങളുടെ അധികാരം കേന്ദ്രം എടുത്തു കളയുകയാണെന്ന് ഡെറിക് ഒബ്രിയാന്‍ വിമര്‍ശിച്ചു. ഭാരത് ബന്തിന് കർഷക സംഘടനകൾ ആഹ്വാനം നല്‍കിയിരിക്കുമ്പോഴാണ് കാർഷിക ബില്ലുകൾ രാജ്യസഭയും കടക്കുന്നത്. ആദ്യ സർക്കാരിന്‍റെ കാലത്ത് ഭൂമി ഏറ്റെടുക്കൽ നിയമ ഭേദഗതി ബില്ലിൽ രാജ്യസഭയിൽ വീണ നരേന്ദ്ര മോദിക്ക് ഈ ബില്ലുകൾ പാസാക്കാനാകുന്നത് രാഷ്ട്രീയ വിജയമാണ്. സഖ്യകക്ഷികൾ എതിർത്താലും പരിഷ്ക്കാര നടപടികളുമായി മുന്നോട്ടു പോകും എന്ന സന്ദേശമാണ് കേന്ദ്രം നൽകുന്നത്.

Content Highlights; rajayasabha passes farm bills by voice vote