തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദ പരാമര്‍ശം നടത്തിയ കേന്ദ്രമന്ത്രിക്ക് എതിരെയും ബിജെപി എംപിക്ക് എതിരെയും തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നടപടി

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂറിനെതിരേയും ബിജെപി എംപി പര്‍വേഷ് വര്‍മക്കെതിരേയും തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി. ഇരുവരേയും ബിജെപിയുടെ താര പ്രചാരക പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശം നല്‍കി. അടിയന്തരമായി നിര്‍ദേശം നടപ്പിലാക്കാന്‍ ബിജെപി നേതൃത്വത്തോട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെട്ടു. രാജ്യത്തെ ഒറ്റുകാരെ വെടിവെക്കണമെന്ന പരാമര്‍ശത്തിനാണ് അനുരാഗ് ഠാക്കൂറിന് എതിരെ നടപടി എടുത്തത്. രാജ്യത്തെ ഒറ്റുകാരെ വെടിവെക്കൂ എന്ന് ആഹ്വാനം ചെയ്യുന്ന മുദ്രാവാക്യം പ്രവര്‍ത്തകരെ കൊണ്ട് അനുരാഗ് ഠാക്കൂര്‍ ഏറ്റുവിളിപ്പിക്കുകയും ചെയ്തു. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേയാണ് വിവാദ പ്രസ്താവനയുമായി അനുരാഗ് ഠാക്കൂര്‍ രംഗത്ത് വന്നത്.

ഷഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍ നിങ്ങളുടെ വീടുകളില്‍ വന്ന് മക്കളേയും സഹോദരിമാരേയും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുമെന്ന പരാമര്‍ശത്തിലാണ് ബിജെപി എംപി പര്‍വേഷ് സാഹിബ് സിങ്ങ് വര്‍മ്മയ്ക്ക് എതിരെ നടപടി എടുത്തത്. ‘ലക്ഷകണക്കിന് ആളുകളാണ് ഷഹീന്‍ബാഗില്‍ ഒത്തുകൂടിയിട്ടുള്ളത്. ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ചിന്തിക്കുകയും തീരുമാനമെടുക്കുകയും ചെയ്യാം. എന്നാല്‍ അവര്‍ നിങ്ങളുടെ വീടുകളിലേക്കെത്തും. നിങ്ങളുടെ പെണ്മക്കളേയും സഹോദരിമാരേയും അവര്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തും. ഇന്ന് നിങ്ങള്‍ക്ക് സമയമുണ്ട്. മോഡിജിയും അമിത് ഷായും നാളെ നിങ്ങളെ രക്ഷിക്കാന്‍ വരില്ല’ എന്നായിരുന്നു ബിജെപി എംപി പര്‍വേഷ് സാഹിബ് സിങ്ങ് വര്‍മ്മ പറഞ്ഞത്. ഇതോടെ മൂന്ന് നേതാക്കളാണ് വിവാദ പരാമര്‍ശത്തിന്റെ പേരില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി നേരിടുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതിനെ തുടര്‍ന്ന് ബിജെപി സ്ഥാനാര്‍ത്ഥി കൂടിയായ കപില്‍ മിശ്രക്ക് പ്രചാരണങ്ങളില്‍ നിന്ന് കമ്മീഷന്‍ നേരത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു.

Content Highlights: Election Commission’s action against Union Minister and BJP MP for making controversial statements