ക്യാമ്പസിനുള്ളിൽ ഡൽഹികലാപത്തിലെ ഇരകൾക്ക് അഭയം നൽകരുതെന്ന മുന്നറിയിപ്പുമായി ജെ.എന്‍.യു അഡ്മിനിസ്ട്രേഷന് രംഗത്ത്. ക്യാമ്പസിനുള്ളിൽ ഇരകൾക്ക് അഭയം നൽകരുതെന്നാണ് ജെ.എന്‍.യു വിദ്യാർത്ഥി യൂണിയന് നൽകിയിട്ടുള്ള മുന്നറിയിപ്പ്. മുന്നറിയിപ്പ് ലംഘിക്കുന്നവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും, അക്രമത്തിലെ ഇരകൾക്ക് ക്യാമ്പസിൽ അഭയം നൽകാൻ ജെഎൻയു വിദ്യാർത്ഥി യൂണിയന് അവകാശമില്ലെന്നും നോട്ടീസിൽ പറയുന്നു. ജെ.എന്‍.യു പോലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തെ പഠനത്തിനും ഗവേഷണത്തിനുമായി നിലനിര്‍ത്തേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് ഓര്‍മപ്പെടുത്തുന്നതായും, അതുകൊണ്ട് തന്നെ വിദ്യാര്‍ത്ഥികള്‍ അത്തരം പ്രവർത്തികൾക്കെതിരെ നിലകൊള്ളേണ്ടതുണ്ടെന്നും നോട്ടീസില്‍ പറയുന്നു.
അക്രമത്തിൽ പെട്ട ഇരകള്‍ക്ക് ജെ.എന്‍.യു ക്യാമ്പസും ജെ.എന്‍.യു യൂണിയന് ഓഫീസും അഭയം നല്‍കുന്നതിനായി തുറന്നു നല്‍കുന്നതായി കാണിച്ച് വിദ്യാര്‍ത്ഥി യൂണിയൻ്റെ ട്വീറ്റ് പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെ തങ്ങൾക്ക് അരക്ഷിതാവസ്ഥ അനുഭവപെടുന്നുവെന്ന് ചൂണ്ടി കാണിച്ചു കൊണ്ട് അഡ്മിനിസ്ട്രേഷന് ഫോണ്‍ കോളുകള്‍ ലഭിച്ചുവെന്നാണ് അഡ്മിനിസ്ട്രേഷൻ്റെ വാദം. ജെഎൻയു നിവാസികൾക്കുണ്ടാകുന്ന അസൗകര്യങ്ങള്‍ക്കും അരക്ഷിതാവസ്ഥയ്ക്കും ജെഎൻയു വിദ്യാർത്ഥി യൂണിയനായിരിക്കും ഉത്തരവാദികളെന്നും അഡ്മിനിസ്ട്രേഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Content Highlights; JNU administration warned not to shelter victims of Delhi riots inside campus