കൊവിഡ്-19: എന്‍പിആര്‍, സെന്‍സസ് വിവരശേഖരണം നിര്‍ത്തിവെച്ചു

ന്യൂഡല്‍ഹി: കൊവിഡ്-19 ഭീതിപടര്‍ത്തുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. 2021 സെന്‍സസിന്റെ ഭാഗമായുള്ള വീട് കയറിയുള്ള വിവരശേഖരണവും എന്‍പിആര്‍ വിവരശേഖരണവും നിര്‍ത്തിവെച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെയാണ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിയത്. സെന്‍സസ് ഇന്ത്യ 2021 ന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

കൊവിഡ്-19 സമൂഹവ്യാപനം തടയാന്‍ കര്‍ശന നടപടികളാണ് കേന്ദ്രസര്‍ക്കാരും വിവിധ സംസ്ഥനങ്ങളും സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് സെന്‍സസ് പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ചിരിക്കുന്നത്. 21 ദിവസത്തെ ലോക്ക് ഡൗണ്‍ കഴിഞ്ഞതിനുശേഷമാകും പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനം വരിക.

ലോകമെമ്പാടുമായി 427,507 പേരിലാണ് ഇതുവരെ കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം ബാധിച്ച് 19,062 ആളുകള്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. 106,427 ആളുകളുടെ രോഗം ഭേദമായപ്പോള്‍ 302,018 ആളുകളാണ് നിലവില്‍ ചികിത്സയിലുള്ളത്. 6,800 ല്‍ അധികം മരണം റിപ്പോര്‍ട്ട് ചെയ്ത ഇറ്റലിയിലാണ് കൊറോണ വൈറസ് വ്യാപക നാശം വിതച്ചത്. ഇവിടെ 69,176 ആളുകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ചൈനയില്‍ 81,218 ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 3200 ല്‍ അധിം ആളുകളാണ് മരിച്ചത്.

Content Highlight: NPR, Census programs shut for 21 days