രാജ്യത്തെ ലോക്ക് ഡൗൺ മെയ് 3 വരെ നീട്ടി

Narendra Modi Says Nationwide Lockdown Extended Through May 3

രാജ്യത്തെ ലോക്ക് ഡൗൺ മെയ് 3 വരെ നീട്ടി. നിയന്ത്രണങ്ങൾ കർശനമായി തുടരും. നിർണായക പൊരാട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും ജനങ്ങൾ സഹകരിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അഭ്യർത്ഥിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

നാളെ മുതൽ ഒരാഴ്ച രാജ്യത്താകെ കർശന നിയന്ത്രണം നടപ്പാക്കും. നിയന്ത്രണങ്ങൾ എത്ര കർശനമായി നടപ്പാക്കുന്നുവെന്ന് ഏപ്രിൽ 20 വരെ സൂക്ഷ്മമായി നിരീക്ഷിക്കും. കൂടുതൽ ഹോട്ട്സ്പോട്ടുകൾ ഉണ്ടാകാത്ത സംസ്ഥാനങ്ങൾക്ക് ഉപാധികളോടെ ഇളവുകൾ അനുവദിക്കാൻ അനുമതി നൽകും. സ്ഥിതി മോശമായാൽ വീണ്ടും കർശന നിയന്ത്രണം നടപ്പാക്കും. വിശദമായ മാര്‍ഗ്ഗരേഖ നാളെ പുറത്തിറക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 

നമ്മൾ സ്വീകരിച്ച മാർഗം നമ്മൾക്കേറ്റവും യോജിച്ചതാണ്. ലോക്ക് ഡൗണിന്‍റെ ഗുണം രാജ്യത്തിന് ലഭിച്ചിട്ടുണ്ട്. ലോക് ഡൗണ്‍ സമയത്ത് ജനങ്ങള്‍ ഒരുപാട് ത്യാഗം സഹിക്കുന്നുണ്ട്. ഈ പോരാട്ടത്തില്‍ ഓരോ പൗരന്മാരും സൈനികരാണെന്നും ജനങ്ങളുടെ ത്യാഗത്തെ നമിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

content highlights: Narendra Modi Says Nationwide Lockdown Extended Through May 3