റിലയന്‍സ് ജിയോയുടെ 9.9 ശതമാനം ഓഹരി വാങ്ങി ഫേസ്ബുക്ക്; ജിയോ മൂല്യം 4.62 ലക്ഷം കോടിയായി ഉയര്‍ന്നു

ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ടെലികോം യൂണിറ്റായ ജിയോയുടെ 9.9 ശതമാനം ഓഹരികള്‍ വാങ്ങി ഫേസ്ബുക്ക്. 43,574 കോടി രൂപയുടേതാണ് ഇടപാട്. ഇതോടെ ജിയോയുടെ മൂല്യം 4.62 ലക്ഷം കോടിയായി. ലോകത്തെ ഒരു ടെക്‌നോളജി കമ്പനി മൈനോരിറ്റി സ്റ്റോക്കിനു വേണ്ടി നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്. ഇന്ത്യന്‍ സാങ്കേതിക വിദ്യാ മേഖലയിലെ ഏറ്റവും വലിയ നേരിട്ടുള്ള വിദേശ നിക്ഷേപമാണിതെന്നും റിലയന്‍സ് അറിയിച്ചു.

ഫേസ്ബുക്കുമായുള്ള പങ്കാളിത്തം വലിയ മാറ്റം ഉണ്ടാക്കുമെന്ന് ആര്‍ഐഎല്‍ ചെയര്‍മാര്‍ മുകേഷ് അംബാനി പറഞ്ഞു. കോവിഡിനെ തുടര്‍ന്നുള്ള രാജ്യത്തെ സാമ്പത്തിക പ്രതിസന്ധികള്‍ ഉടന്‍ മറികടക്കാനാകുമെന്നും മുകേഷ് പറഞ്ഞു.

ബ്രോഡ് ബാന്റ് കണക്ടിവിറ്റി, സ്മാര്‍ട്ട് ഡിവൈസസ്, ക്ലൗഡ് സേവനങ്ങള്‍, ഡാറ്റ് അനലിറ്റിക്‌സ്, നിര്‍മിത ബുദ്ധി, ബ്ലോക്ക് ചെയിന്‍, ഓഗ്മെന്റഡ് റിയാലിറ്റി തുടങ്ങിയ സേവനങ്ങള്‍ നല്‍കുന്ന പ്ലാറ്റ് ഫോമുകളിലാണ് ഫേസ്ബുക്കിന്റെ നിക്ഷേപം.

ഈ നിക്ഷേപം ഇന്ത്യയോടുള്ള തങ്ങളുടെ പ്രതിപത്തിയും ജിയോയുടെ അതിനാടകീയമായ വളര്‍ച്ച തങ്ങളിലുണ്ടാക്കിയ ആവേശവും കാണിക്കുന്നതെന്നാണ് ഫെയ്സ്ബുക്ക് പ്രതികരിച്ചത്. തുടങ്ങിയിട്ട് നാല് വര്‍ഷം തികയുന്നതിന് മുമ്പെ 38.8 കോടി ജനങ്ങളെ ഓണ്‍ലൈനില്‍ എത്തിച്ച് പരസ്പരം ബന്ധിപ്പിക്കാന്‍ ജിയോയ്ക്കായി. ജിയോയുമായി ചേര്‍ന്ന് കൂടുതല്‍ ജനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും ഫെയ്സ്ബുക്ക് പറഞ്ഞു.

Content Highlight: Facebook buy 9.9 percent share of Reliance Industries Ltd.