കൊവിഡ് സ്ക്രീനിങ്ങിനായി കാത്തുനിന്ന അതിഥി തൊഴിലാളികളുടെ ശരീരത്തിലേക്ക് പ്രാദേശിക ഏജൻസി അണുനാശിനി പ്രയോഗിച്ചു. ദക്ഷിണ ഡൽഹിയിലെ ലാജ്പത് നഗറിൽ വെള്ളിയാഴ്ചയാണ് സംഭവം. ശ്രമിക് ട്രെയിനിലെ യാത്രയ്ക്ക് മുന്‍പുള്ള സ്ക്രീനിങ്ങിനായി എത്തിയ തൊഴിലാളികൾക്ക് നേരെയാണ് അണുനാശിനി അടിച്ചത്. ഇതിൻ്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
സംഭവത്തിൽ മാപ്പു പറഞ്ഞ ഏജൻസി അറിയാതെ സംഭവിച്ചതാണെന്ന് വിശദീകരിച്ചു. ജലത്തിൻ്റെ ശക്തി പെട്ടെന്ന് വർധിച്ചതിനെ തുടർന്ന് സ്പ്രേയുടെ ദിശ മാറുകയായിരുന്നുവെന്ന് മുൻസിപ്പൽ കോർപ്പറേഷൻ വ്യക്തമാക്കി. തൊഴിലാളികളുടെ സ്ക്രീനിങ്ങ് നടത്തുന്ന റെസിഡൻഷ്യൽ കോളനിയിലുള്ള സ്കൂളിൽ അണുനശീകരണം നടത്തണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതേത്തുടർന്ന് എത്തിച്ച ജെറ്റിങ് മെഷീനിലേക്കുള്ള പ്രഷറിലാണ് വ്യതിയാനം ഉണ്ടായത്. ഇതോടെ തൊഴിലാളിക്ക് ഇതിൻ്റെ നിയന്ത്രണം നഷ്ടമായെന്ന് കോർപ്പറേഷൻ വ്യക്തമാക്കി.
content highlights: Migrants Sprayed With Disinfectant In Delhi, Civic Body Says A Mistake