അതിഥി തൊഴിലാളികളുടെ കാര്യത്തിൽ സർക്കാരിന് വീഴ്ച പറ്റി; വിമർശനവുമായി നീതി ആയോ​ഗ് സി.ഇ.ഒ അമിതാഭ് കാന്ത്

ലോക്ക് ഡൗണിൽ കടുത്ത പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന അതിഥി തൊഴിലാളികളുടെ വിഷയത്തിൽ സര്‍ക്കാരിന് ഒരുപാട് കാര്യങ്ങള്‍ ചെയ്യാമായിരുന്നുവെന്ന് നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത്. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് അതിഥി തൊഴിലാളികളുടെ പ്രശ്നത്തിൽ കാര്യക്ഷമമായി ഇടപെടാമായിരുന്നു എന്നും അവർക്ക് വേണ്ടി നിരവധി കാര്യങ്ങൾ ചെയ്യാമായിരുന്നു എന്നും അമിതാഭ് കാന്ത് പറഞ്ഞു. ലോക്ക് ഡൗൺ വൈറസ് വ്യാപനത്തിൻ്റെ തോത് കുറയ്ക്കാൻ സഹായിച്ചുവെങ്കിലും അതിഥി തൊഴിലാളികളുടെ വിഷയം കൈകാര്യം ചെയ്തതിൽ പരാജയം സംഭവിച്ചു എന്നും അദ്ദേഹം പ്രതികരിച്ചു.

‘തൊഴിലാളികളെ നന്നായി പരിപാലിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്തമായിരുന്നു. ഇന്ത്യപോലുള്ള വിശാലമായ ഒരു രാജ്യത്ത് ഫെഡറല്‍ ഗവണ്‍മെൻ്റിന് പരിമിതമായ പങ്കുണ്ട്. ഇതൊരു വെല്ലുവിളിയായിരുന്നു. സംസ്ഥാന, പ്രാദേശിക, ജില്ലാ തലങ്ങളില്‍ ഓരോ തൊഴിലാളികളേയും പരിപാലിക്കുന്നതില്‍ നമുക്ക് കുറേ മെച്ചപ്പെട്ട കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമായിരുന്നുവെന്ന് ഞാന്‍ കരുതുന്നു’. നീതി ആയോഗ് സി.ഇ.ഒ പറഞ്ഞു. രാജ്യത്ത് അതിഥി തൊഴിലാളികളുടെ പ്രശ്നം കൈകാര്യം ചെയ്ത രീതി അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഉൾപ്പെടെ വലിയ ചർച്ചയായിരുന്നു. മുന്നറിയിപ്പുകളില്ലാതെ നടപ്പിലാക്കിയ ലോക്ക് ഡൗണിൽ നാട്ടിലേക്ക് മടങ്ങാൻ സാധിക്കാത്ത അതിഥി തൊഴിലാളികൾ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോയത്.

content highlights: “We Could Have Done Much, Much Better”: NITI Aayog CEO On Migrants