സുരക്ഷ വീഴ്ച്ച; ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെ 89 ആപ്പുകള്‍ ഉപയോഗിക്കുന്നതിന് സൈനികരെ വിലക്കി കരസേന

ന്യൂഡല്‍ഹി: രാജ്യ സുരക്ഷ കണക്കിലെടുത്ത് വ്യക്തി വിവരങ്ങള്‍ ചോരുന്നത് തടയാന്‍ ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെ സാമൂഹ്യ മാധ്യമ ഉപയോഗത്തിവല്‍ നിന്ന് സൈനികരെ വിലക്കി കരസേന. ജനപ്രിയ ആപ്പുകളായ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, പബ്ജി, ട്രൂകോളര്‍ ഉള്‍പ്പെടെ 89 ആപ്പുകളുടെ ഉപയോഗത്തിനാണ് വിലക്ക്. സുരക്ഷാ കാരണങ്ങള്‍ കണക്കിലെടുത്താണ് തീരുമാനം.

സുരക്ഷാ കാരണങ്ങള്‍ കാട്ടി ഇത്രയധികം ആപ്പുകള്‍ വിലക്കുന്നത് ഇതാദ്യമാണ്. സൈനികര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കുമാണ് ഇതു സംബന്ധിച്ച് ഉത്തരവ് നല്‍കിയിരിക്കുന്നത്. ജൂലൈ 15നുള്ളില്‍ ആപ്പുകളിലെ അക്കൗണ്ട് നീക്കം ചെയ്യാനാണ് നിര്‍ദ്ദേശം. കഴിഞ്ഞ ആഴ്ച്ചയാണ് ഇന്ത്യ-ചൈന അതിര്‍ത്തി ഏറ്റുമുട്ടലിന് പിന്നാലെ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടികാട്ടി ടികിടോക്ക് അടക്കം 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചത്.

ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാഗ്രം എന്നിവക്ക് പുറമേ സ്നാപ്പ്ചാറ്റ്, ബെയ്ഡു, എല്ലോ എന്നീ സോഷ്യല്‍ നെറ്റ്വര്‍ക്കിങ് ആപ്പുകളും പബ്ജി, നോനോ ലൈവ്, ക്ലാഷ് ഓഫ് കിങ്സ്, മൊബൈല്‍ ലെജന്റ്സ് എന്നീ ഗെയ്മിങ് ആപ്പുകളും വിലക്കേല്‍പ്പെടുത്തിയ പട്ടികയിലുണ്ട്. ടിന്റര്‍, ട്രൂലിമാഡ്ലി, ഹാപ്പന്‍, ടാഗ്ഡ് എന്നിവ ഉള്‍പ്പെടെ പതിനഞ്ച് ഡേറ്റിങ് ആപ്പുകളും ഡെയ്ലി ഹണ്ട്, ന്യൂസ് ഡോഗ് എന്നീ ന്യൂസ് ആപ്പുകളും വിലക്കി.

കഴിഞ്ഞ വര്‍ഷം നവംബറില്‍ വാട്‌സ്അപ്പിലൂടെ ഔദ്യോഗദിക ആശയ വിനിമയം നടത്തരുതെന്ന് കരസേന നിര്‍ദ്ദേശിച്ചിരുന്നു.

Content Highlight: Indian Army Asks Personnel to Delete 89 Apps Including Facebook, TikTok, Tinder, PUBG