ഇന്ത്യ-ചൈന ഏറ്റുമുട്ടല്‍: നാലാം ഘട്ട ഉന്നതതല സൈനിക ചര്‍ച്ച ഇന്ന്

ന്യൂഡല്‍ഹി: ലഡാക്കിലുണ്ടായ ഇന്ത്യ-ചൈന ഏറ്റുമുട്ടലിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മില്‍ സമവായത്തിലെത്താന്‍ നടത്തുന്ന നാലാംഘട്ട ഉന്നതതല സൈനിക പ്രതിനിധി സമ്മേളനം ഇന്ന്. ഇന്ത്യന്‍ സൈന്യം ആതിഥേയത്വം വഹിക്കുന്ന ചര്‍ച്ച ചുഷൂളിലാണ് നടക്കുന്നത്. നിയന്ത്രണ രേഖയിലെ സൈനിക പിന്മാറ്റത്തെ കുറിച്ചും ക്യാമ്പുകള്‍ കുറക്കുന്നത് സംബന്ധിച്ചും ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച ചെയ്‌തേക്കുമെന്നാണ് സൂചന.

നിയന്ത്രണ രേഖയില്‍ നിന്ന് ഇരു രാജ്യങ്ങളും ആദ്യ ഘട്ട ചര്‍ച്ചകള്‍ക്ക് ശേഷം തന്നെ പിന്മാറാന്‍ ആരംഭിച്ചിരുന്നു. പിന്മാറല്‍ ആരംഭിച്ച ശേഷമുള്ള ഇരു രാജ്യങ്ങളുടെയും ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ ആദ്യ കൂടിക്കാഴ്ച്ചയാണിത്. പാങോങ് സോ മേഖലയില്‍ നിന്ന് കൂടുതല്‍ സേനയെ പിന്‍വലിക്കുന്ന കാര്യത്തെ കുറിച്ച് ഇരുരാജ്യങ്ങളിലേയും പ്രതിനിധികള്‍ തമ്മില്‍ ചര്‍ച്ച ചെയ്‌തേക്കുമെന്നാണ് കരുതുന്നത്. അതേ സമയം ഇരുസൈന്യങ്ങളും പിന്‍വാങ്ങല്‍ ആരംഭിച്ചതോടെ ഗല്‍വാന്‍ താഴ്വര പ്രദേശം നിഷ്പക്ഷ മേഖലയായി മാറിയിരിക്കുകയാണ്.

നിയന്ത്രണരേഖയിലെ മൂന്ന് സംഘര്‍ഷമേഖലകളായ ഗല്‍വാന്‍ താഴ് വര, ഗോഗ്ര, ഹോട്ട് സ്പ്രിങ്‌സ് എന്നിവടങ്ങളില്‍ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ ഇരു സൈന്യവും പിന്‍വാങ്ങുകയും നിഷ്പക്ഷമേഖല സൃഷ്ടിക്കുകയും ചെയ്തതായി ജൂലായ് 11 ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. പാങോങ് സോയിലെ ഫിംഗര്‍ 4 പ്രദേശത്ത് നിന്ന് ഇരുസൈന്യവും പിന്‍വാങ്ങല്‍ ആരംഭിച്ചതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

എട്ടാഴ്ച്ചയോളം തുടര്‍ന്ന സംഘര്‍ഷത്തില്‍ ഇരു വിഭാഗവും തമ്മില്‍ പലതവണ മുഖാമുഖം വന്നിരുന്നു. ഇതിനിടെ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് 20ഓളം ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേറ്റിരുന്നു. പിന്നീട് ഇരു രാജ്യങ്ങളുടെയും വികസനവും വ്യാപാര ബന്ധങ്ങളും കണക്കിലെടുത്ത് സമവായ ചര്‍ച്ചക്കൊടുവില്‍ നിയന്ത്രണ രേഖയില്‍ നിന്ന് പിന്മാറുകയായിരുന്നു.

Content Highlight: India-China Conflict, 4th round corp, commander level talks today