കിഴക്കൻ ലഡാക്കിൽ ചെെന കടന്നുകയറ്റം നടത്തിയെന്ന് കാണിച്ച് പ്രതിരോധ മന്ത്രാലയത്തിൻ്റെ വെബ്സെെറ്റിൽ വന്ന റിപ്പോർട്ട് അപ്രത്യക്ഷമായി. റിപ്പോർട്ട് വെബ്സെറ്റിൽ വന്ന് ഒരു ദിവസത്തിന് ശേഷമാണ് കാണാതാകുന്നത്. റിപ്പോർട്ട് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയടക്കം വിമർശനവുമായി രംഗത്തുവന്നതിന് പിന്നാലെയാണ് സംഭവം.
‘മെയ് അഞ്ചു മുതൽ നിയന്ത്രണ രേഖയിലും ഗാൽവൻ താഴ്വരയിലും ചെെനീസ് ആക്രമണം വർദ്ധിച്ചുവരികയാണ്. മെയ് 17, 18 തീയതികളിൽ കുഗ്രാങ് നള, ഗോഗ്ര, പങ്കോങ് തടാകത്തിൻ്റെ വടക്കൻ തീരങ്ങൾ എന്നിവടങ്ങളിൽ ചെെനീസ് പട്ടാളക്കാർ അതിക്രമിച്ചു കയറി’ എന്ന് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. പ്രശ്നം പരിഹരിക്കുന്നതിനായി ഇരുവിഭാഗവും തമ്മിൽ സെെനിക തല ചർച്ച നടത്തിയെന്നും ചെെനയുമായുള്ള സംഘർഷം നീണ്ടുനിൽക്കാമെന്നും പ്രതിരോധ മന്ത്രാലയത്തിൻ്റെ റിപ്പോർട്ടിൽ ഉണ്ട്.
ഇന്ന് രാവിലെ മുതലാണ് റിപ്പോർട്ട് കാണാതാവുന്നത്. ലിങ്ക് തുറക്കാനാവുന്നില്ല. ലഡാക്കിലെ ചെെനീസ് കടന്നുകയറ്റം സ്ഥിരീകരിക്കുന്ന ആദ്യ ഔദ്യോഗിക റിപ്പോർട്ടാണിത്. ജൂൺ 15-ന് ഗാൽവൻ താഴ്വരയിലുണ്ടായ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു. എന്നാൽ ഒരിഞ്ച് പോലും ആരും കെെയ്യേറിയിട്ടില്ലെന്നായിരുന്നു മോദിയുടെ പ്രതികരണം.
content highlights: Document Admitting Chinese Intrusions Vanishes From Defence Ministry Site