കാലിഫോര്‍ണിയ: വ്യക്തികളുടെ രാഷ്ട്രീയ സ്ഥാനമോ പാര്‍ട്ടിയോ നോക്കാതെ വിദ്വേഷ പ്രസംഗങ്ങള്‍ നീക്കം ചെയ്യുമെന്ന് ഫെയ്സ്ബുക്ക്. ഇന്ത്യയിലെ ഭരണകക്ഷിയായ ബിജെപി നേതാക്കളുടെ പോസ്റ്റുകളെ അവഗണിച്ചെന്ന് കാണിച്ച് യുഎസ് മാധ്യമം നടത്തിയ പരാമര്‍ശത്തിന് മറുപടിയായാണ് ഫെയ്സ്ബുക്ക് ഇക്കാര്യം വെളിപ്പെടുത്തിയത്. കലാപം സൃഷ്ടിക്കുന്ന തരത്തില്‍ ആര് വിദ്വേഷ പ്രചാരണം നടത്താന്‍ ശ്രമിച്ചാലും അകിനെതിരായ നടപടി ഫെയ്സ്ബുക്ക് സ്വീകരിക്കുമെന്നായിരുന്നു കമ്പനിയുടെ പ്രതികരണം.
‘ഇന്ത്യന്‍ രാഷ്ട്രീയവും ഫെയ്സ്ബുക്ക് വിദ്വേഷ പ്രചരണ നിയമങ്ങളും- വിവാദമായ പോസ്റ്റ് നീക്കം ചെയ്യാന്‍ കമ്പനി എക്സിക്ക്യൂട്ടിവ് മടിക്കുന്നു’ എന്ന തലക്കെട്ടോടെ വോള്‍ സ്ട്രീറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച പോസ്റ്റിന് മറുപടിയായാണ് ഫെയ്സ്ബുക്ക് പ്രതികരിച്ചത്. ബിജെപി നേതാക്കളുടെയും, പ്രവര്‍ത്തകരുടെയും വിദ്വേഷ പ്രചരണ പോസ്റ്റുകള്‍ക്ക് ഫെയ്സ്ബുക്കിന്റെ നിയമം ബാധകമല്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ബിജെപി പ്രവര്‍ത്തകരുടെ നിയമലംഘനങ്ങളെ ശിക്ഷിക്കുന്നത് രാജ്യത്തെ കമ്പനിയുടെ ബിസിനസ് സാധ്യതകളെ തകര്‍ക്കും എന്ന് സോഷ്യല്‍ മീഡിയ ഭീമന്റെ എക്സിക്യൂട്ടീവ് പറഞ്ഞതായും ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവിലെയും മുന്‍ ജീവനക്കാരെയും ഉദ്ധരിച്ച് ലേഖനത്തില്‍ ബിജെപിയോട് വിശാലമായ പക്ഷപാതിത്വമാണ് ഫേസ്ബുക്കിനുള്ളതെന്നും പരമാര്‍ശിക്കുന്നു.
സോഷ്യല്‍ മീഡിയയില്‍ കൃത്രിമം കാണിച്ചുവെന്നതിന്റെ തെളിവായി റിപ്പോര്‍ട്ട് ഉദ്ധരിച്ച് കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള പോര് ഈ പ്രശ്നത്തോടെ മുറുകി. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഫെയ്സ്ബുക്കും വാട്സ്ആപ്പും ഉപയോഗിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ആരോപിച്ചിരുന്നു.
ഇതിന് മറുപടിയായി കെംബ്രിഡ്ജ് അനലറ്റിക്ക വിഷയം ചൂണ്ടികാട്ടി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് തിരിച്ചടിച്ചു. എന്നാല്‍ കോണ്‍ഗ്രസ് ഈ ആരോപണം നിഷേധിച്ച് രംഗത്ത് വന്നിരുന്നു.
Content Highlight: Facebook Reacts After Report Claims It Ignores BJP Leaders’ Hate Speeches