ഓസ്‌ട്രേലിയയുടെ പുതിയ നിയമ നിര്‍മ്മാണത്തിനെതിരെ സ്വരം കടുപ്പിച്ച് ഫേസ്ബുക്ക്

Facebook threatens to block Australians from sharing news in battle over landmark media law

മാധ്യമങ്ങളുടെ കണ്ടന്റുകള്‍ക്ക് ഫേസ്ബുക്ക് പണം നല്‍കണമെന്ന ഓസ്‌ട്രേലിയയിലെ പുതിയ നിയമ നിര്‍മ്മാണത്തിനെതിരെ സ്വരം കടുപ്പിച്ച് ഫേസ്ബുക്ക് രംഗത്ത്. പണം നല്‍കാന്‍ സാധിക്കില്ലെന്നും നിയമം പ്രാബല്യത്തില്‍ വന്നാല്‍ ഓസ്‌ട്രേലിയയിലെ മാധ്യമങ്ങള്‍ ഉള്‍പ്പെടുന്ന ഉപഭോക്താക്കളെ വാര്‍ത്തകള്‍ ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്യാന്‍ അനുവദിക്കില്ലെന്നും, ഇത് ഞങ്ങളുടെ ആദ്യത്തെ തീരുമാനമല്ല അവസാനത്തേതാണ് എന്നുമായിരുന്നു ഫേസ്ബുക്കിന്റെ ഔദ്യോഗിക പ്രതികരണം.

ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ അവതരിപ്പിച്ച പുതിയ ന്യൂസ് കോഡിനെ മുഖ്യധാര മാധ്യമങ്ങളായ ന്യൂസ് കോര്‍പ്പ്, ഗാര്‍ഡിയന്‍, 9എന്റര്‍ടെയ്ന്‍മെന്റ് തുടങ്ങിയവ പിന്താങ്ങിയിരുന്നു. ഓസ്‌ട്രേലിയയിലെ ന്യൂസ് ബിസിനസിന് ഫേസ്ബുക്കില്‍ നിന്നും ഗൂഗിളില്‍ നിന്നും അവര്‍ക്ക് അര്‍ഹമായ അവകാശം ലഭിക്കാനാണ് പുതിയ നിയമ നിര്‍മ്മാണം. വിഷയത്തില്‍ ഫേസ്ബുക്കിന്റെ വാശി അംഗീകരിക്കാനാകില്ലെന്ന് ഓസ്‌ട്രേലിയന്‍ കോമ്പറ്റീഷന്‍ ആന്‍ഡ് കണ്‍സ്യൂമര്‍ കമ്മീഷന്‍ ചെയര്‍മാന്‍ റോഡ് സിംസ് വ്യക്തമാക്കി.

ചില മാധ്യമങ്ങളുടെ വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പണം നല്‍കുന്നുണ്ട്. എല്ലാ നടപടകളിലും സുതാര്യത ഉറപ്പാക്കാനാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിയമം പ്രാബല്യത്തില്‍ വന്നാല്‍ ഓസ്‌ട്രേലിയയില്‍ വ്യക്തിഗത വിവരങ്ങളും ഫോട്ടോകളും മാത്രമേ ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്യാന്‍ സാധിക്കൂ. മാധ്യമങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ ന്യൂസ് ഫീഡില്‍ പങ്കുവെക്കാന്‍ സാധിക്കില്ല. ഓസ്‌ട്രേലിയയിലെ പുതിയ നിയമ നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഗൂഗിളും നേരത്തെ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.

Content Highlights; Facebook threatens to block Australians from sharing news in battle over landmark media law