റഷ്യയുടെ വാക്സിൻ ഡാറ്റ ഇന്ത്യക്ക് കെെമാറി; മൂന്നാം ഘട്ട പരീക്ഷണം ഇന്ത്യയിൽ നടത്തും

Russia shares data on a vaccine with India, one option is Phase 3 trials here

ലോകത്തെ ആദ്യ കൊവിഡ് വാക്സിനായ സ്പുടിനിക് വിയുടെ ആദ്യ രണ്ട് ഘട്ടങ്ങളിലെ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഡാറ്റ ഇന്ത്യയ്ക്ക് കെെമാറി. മോസ്കോയിലെ ഗാമലേയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഈ വാക്സിൻ്റെ സുരക്ഷയും ഫലപ്രാപ്തിയും വിശദീകരിക്കുന്ന ഡാറ്റ പ്രസിദ്ധീകരിച്ചിരുന്നു. ഈ ഡാറ്റയാണ് ഇന്ത്യയ്ക്ക് കെെമാറിയത്. നേരത്തെ വാക്സിൻ സംബന്ധിച്ച വിവരങ്ങൾ ഇന്ത്യ ഗാമലേയ ഇൻസ്റ്റിറ്റ്യൂട്ടിനോട് ആവശ്യപ്പെട്ടിരുന്നു.

വാക്സിൻ മൂന്നാം ഘട്ട പരീക്ഷണം ഇന്ത്യയിൽ നടത്താനാണ് ആലോചിക്കുന്നതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. ഇന്ത്യയിലെ റെഗുലേറ്റിംഗ് അതോറിറ്റിയുടെ അനുമതി വാങ്ങിയ ശേഷമാകും മൂന്നാം ഘട്ട പരീക്ഷണം ഇവിടെ നടത്തുക. കേന്ദ്ര ബയോടെക്നോളജി വകുപ്പ് സെക്രട്ടറി രേണു സ്വരൂപും റഷ്യയിലെ ഇന്ത്യൻ അംബാസഡർ ഡി.ബി വെങ്കടേഷ് വർമയുമാണ് വാക്സിനുമായി ബന്ധപ്പെട്ട് റഷ്യയുമായുള്ള ചർച്ചയ്ക്ക് നേതൃത്വം നൽകുന്നത്.

നിലവിൽ വാക്സിൻ ഉത്പാദനത്തിന് റഷ്യ അനുമതി നൽകിയിട്ടുണ്ട്. ഇന്ത്യയടക്കം 20 രാജ്യങ്ങൾ റഷ്യൻ നിർമിത വാക്സിനിൽ താൽപര്യം പ്രകടിപ്പിച്ചതായാണ് റിപ്പോർട്ട്. സ്പുടിനിക് ഫേസ് 3 ട്രയലിൽ 40,000 പേർ ഭാഗമാകുമെന്നാണ് ലാൻസെറ്റ് പറഞ്ഞിരുന്നത്. വിവിധ പ്രായത്തിലുള്ളവരെയാണ് തിരഞ്ഞെടുക്കുന്നത്.

content highlights: Russia shares data on a vaccine with India, one option is Phase 3 trials here