‘അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കും, ചര്‍ച്ചകള്‍ തുടരും’; നിര്‍ണായക തീരുമാനം

മോസ്‌കോ: അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യയും ചൈനയും തമ്മില്‍ ധാരണയായി. മോസ്‌കോയില്‍ നടന്ന ഷാങ്ഹായ് സഹകരണ സമ്മേളനത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എന്‍ ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ്യിയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് നിര്‍ണായക തീരുമാനം. അതിര്‍ത്തിയിലെ പിരിമുറുക്കമുണ്ടാക്കുന്ന സാഹചര്യം തുടര്‍ന്ന് കൊണ്ടു പോകാന്‍ താല്‍പ്പര്യമില്ലെന്ന് ചര്‍ച്ചയില്‍ ഇന്ത്യയും ചൈനയും ഒരു പോലെ വ്യക്തമാക്കി.

ആളപായമുണ്ടാകുന്ന തരത്തിലുള്ള ഏറ്റുമുട്ടലുകള്‍ ഉണ്ടാകാതെ ശ്രദ്ധക്കണമെന്ന് ഇരു വിഭാഗങ്ങളും അറിയിച്ചു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സൈനീക തല ചര്‍ച്ചകള്‍ തുടരുകയാണ്. ഒഴിവാക്കാനാകാത്ത പ്രദേശങ്ങളില്‍ നിന്നും നൂറ് മീറ്റര്‍ അകലമെങ്കിലും പാലിക്കണെമെന്നാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ആവശ്യപ്പെട്ടത്. യാതൊരു തരത്തിലുള്ള പ്രകോപനങ്ങളും ഇരു ഭാഗത്ത് നിന്നും ഉണ്ടാകരുതെന്നും ചര്‍ച്ചയില്‍ ധാരണയായി.

അതിര്‍ത്തിയുമായി ബന്ധപ്പെട്ട കരാറുകള്‍, നിര്‍ദേശങ്ങങ്ങള്‍, കീഴ്വഴക്കങ്ങള്‍ എന്നിവ പാലിക്കണമെന്നും ചര്‍ച്ചയില്‍ തീരുമാനമായി. സംഘര്‍ഷ സാധ്യത ഒഴിവാക്കി സമാധാന അന്തരീകക്ഷം നിലനിര്‍ത്താനാണ് ഇരു രാജ്യങ്ങളും ശ്രമിക്കേണ്ടത്. ചര്‍ച്ചയില്‍ ഇന്ത്യയുടെ ആശങ്ക പൂര്‍ണമായും ചൈനയെ അറിയിച്ചു. ചൈനയുടെ ഭാഗത്തുനിന്ന് നിരന്തരം പ്രകോപനമുണ്ടാകുന്നതായി എസ് ജയശങ്കര്‍ വ്യക്തമാക്കി. ഇതില്‍ ആശങ്കയും രേഖപ്പെടുത്തി. ചര്‍ച്ചയിലെ തീരുമാനങ്ങള്‍ നടപ്പിലാക്കണമെന്ന തീരുമാനവും ഇരു വിഭാഗവും സ്വീകരിച്ചു.

Content Highlight: India-China Foreign Ministers meet at Mosco amid border tensions