തര്‍ക്ക മേഖലയില്‍ നിന്ന് ചൈന ആദ്യം പിന്മാറണം; നിലപാട് ആവര്‍ത്തിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ സമവായത്തിനായി ഇരു രാജ്യങ്ങളും തമ്മിലുള്ള ആറാംവട്ട കമാന്‍ഡര്‍ തല ചര്‍ച്ച നടന്നു. അതിര്‍ത്തിയിലെ തര്‍ക്ക മേഖലയില്‍ നിന്ന് ചൈന ആദ്യം സൈന്യത്തെ പിന്‍വലിക്കണമെന്ന് ഇന്ത്യ വീണ്ടും ആവര്‍ത്തിച്ചു. രാവിലെ ഒമ്പതരയോടെ ആരംഭിച്ച ചര്‍ച്ച, നിയന്ത്രണ രേഖയില്‍ ചൈനയുടെ ഭാഗത്തുള്ള മോള്‍ഡോയില്‍ വെച്ചായിരുന്നു നടത്തിയത്.

ലഫ് ജനറല്‍മാരായ ഹരീന്ദര്‍ സിംഗ്, പിജികെ മോനോന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ത്യയുടെ ഭാഗത്ത് നിന്ന് പങ്കെടുത്തത്. ആദ്യമായി വിദേശകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി നവീന്‍ ശ്രീവാസ്തവയും കമാന്‍ഡര്‍തല ചര്‍ച്ചയില്‍ പങ്കാളിയായി. പാങ്കോങ് തടാകത്തിന്റെ തെക്കേ തീരത്തുളള പിന്മാറ്റം പരിഗണിക്കാമെന്ന നിലപാടാണ് ചൈന മുന്നോട്ട് വെച്ചിരിക്കുന്നത്.

ശൈത്യകാലത്തിന് മുന്നോടിയായി അതിര്‍ത്തിയിലെ ശക്തി വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ ഇന്ത്യ സ്വീകരിച്ചതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചൈനീസ് അതിര്‍ത്തിയിലടക്കം പല തട്ടുകളിലായി സുരക്ഷ കൂട്ടിയെന്നും എല്ലാ അതിര്‍ത്തികളിലെയും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചെന്നും ആഭ്യന്തര മന്ത്രാലയം രാജ്യസഭയില്‍ അറിയിച്ചു.

ശൈത്യകാലത്തിന് മുന്നോടിയായി പിന്മാറാനുള്ള ധാരണയിലേക്ക് ഇരു രാജ്യങ്ങളും എത്തുമെന്നും സൂചനയുണ്ട്.

Content Highlight: Sixth Phase Commander Level discussions over Border held today