ഇന്ത്യയ്ക്ക് ഏറ്റവും വെല്ലുവിളി ഉയര്ത്തികൊണ്ടിരിക്കുന്ന കൊവിഡ് മഹാമാരിക്കുള്ള പ്രതിരോധ മരുന്ന് 2021ന്റെ തുടക്കത്തില്‍ തന്നെ എത്തിക്കുമെന്ന സൂചന നല്കി ശാസ്ത്രജ്ഞര്‍. മരുന്ന് എത്തിയാലും ഇന്ത്യയിലെ 138 കോടി ജനങ്ങളിലേക്ക് മുഴുവന്‍ മരുന്ന് എത്തിക്കുകയെന്നത് അതിലും വലിയ വെല്ലുവിളിയാണെന്നാണ് വാക്സിന് നിര്‍മാതാക്കളില്‍ മുന്‍നിരയിലുള്ള ശാസ്ത്രജ്ഞരുടെ അഭിപ്രായം.
വാക്സിന് പരീക്ഷണങ്ങള്‍ ലോകത്തുടനീളം വിവിധ രാജ്യങ്ങള്‍ നടത്തുന്നുണ്ടെങ്കിലും, വാക്സിന് എന്ന് ജനങ്ങളിലെത്തുമെന്നത് സംബന്ധിച്ച അനിശ്ചിതത്വങ്ങള്തുടരുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വാക്സിന് ഒക്ടോബറില്‍ തന്നെ എത്തിക്കണമെന്ന നിര്‍ദ്ദേശം ആരോഗ്യ വകുപ്പിന് നല്കി കഴിഞ്ഞു. ഇന്ത്യയുടെ വാക്സിന് ഓഗസ്റ്റ് പകുതിയോടെ പ്രഖ്യാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചിരുന്നെങ്കിലും അതും പരീക്ഷണ ഘട്ടം പിന്നിട്ടിട്ടില്ല.
രാജ്യത്തിന്റെ ജനസംഖ്യയ്ക്കൊപ്പം തന്നെ വൈറസ് വ്യാപനവും വളര്‍ന്നതോടെ സുരക്ഷിതമായ വാക്സിന് എത്രയും പെട്ടെന്ന് എത്തിക്കുന്നതിലാണ് മോദി സര്‍ക്കാര്‍ പരിഗണന നല്‍കുന്നത്. മഹാമാരിയുടെ ആരംഭഘട്ടത്തില്‍ പോലും കൊവിഡ് കേസുകള്‍ നിയന്ത്രിക്കാന്‍ വേണ്ടത്ര ശ്രദ്ധ ഇന്ത്യുടെ ആരോഗ്യ മേഖല നല്‍കിയില്ലെന്ന ആക്ഷേപവും ശാസ്ത്രജ്ഞര്‍ ഉന്നയിക്കുന്നുണ്ട്.
ഡിസംബര്‍ മാസത്തോടെ ഉപയോഗപ്രദമായ വാക്സിനെക്കുറിച്ചുള്ള ധാരണകള്‍ ലഭിക്കുമെന്ന് വാക്സിന് കമ്മിറ്റി അംഗം ചൂണ്ടികാണിച്ചു. വര്‍ഷാവസാനത്തില്‍ നല്ല ഫലം പ്രതിഫലിപ്പിക്കുന്ന വാക്സിനുകള്‍ 2021 ആദ്യത്തോടെ തന്നെ ചെറിയ അളവില്‍ ജനങ്ങള്‍ക്ക് നല്കി തുടങ്ങുമെന്നും, ഇത് വിജയമാണെന്ന് കണ്ടെത്തിയാല്‍ കൂടുതല്‍ ആളുകളിലേക്ക് മരുന്ന് വിതരണം നീളുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നിലവില്‍ പ്രധാന ഫാര്‍മസ്യൂട്ടിക്കല്‍ ലാബുകളിലോ, തദ്ദേശീയമായോ നിര്‍മ്മാണത്തിലിരിക്കുന്ന മൂന്നാം ഘട്ട പരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്ന വാക്സിനുകള്‍ക്ക് 50 ശതമാനം വിജയ സാധ്യത മാത്രമേ ഉറപ്പിക്കാനാവൂ എന്നും വിദഗ്ധര്‍ സൂചിപ്പിക്കുന്നു.
Content Highlight: Vaccine Likely For India In Early 2021, Roll-Out A Challenge: Scientist