വിചാരണക്കോടതി മാറ്റണമെന്ന നടിയുടെ ആവശ്യത്തെ പിന്തുണച്ച് സംസ്ഥാന സർക്കാരും; രേഖകൾ പലതും പ്രോസിക്യൂഷൻ നൽകുന്നില്ലെന്നും ആരോപണം

Actress attack case; Government on the high court

നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിക്കെതിരെ ഹെെക്കോടതിയിൽ നിലപാടെടുത്ത് സംസ്ഥാന സർക്കാർ. വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് നടി സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് സർക്കാർ നിലപാട് കോടതിയെ അറിയിച്ചത്. വിചാരണ കോടതി പക്ഷപാതപരമായാണ് പെരുമാറുന്നത് എന്നതുൾപ്പെടെയുള്ള ആരോപണങ്ങളാണ് സർക്കാർ ഉന്നയിക്കുന്നത്. 

പരാതിക്കാരിയുടെ ആരോപണം വിചാരണക്കോടതി പരിഗണിച്ചില്ലെന്ന് സർക്കാർ ഹെെക്കോടതിയിൽ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് പല പ്രധാന രേഖകളും കോടതി പ്രതിഭാഗത്തിന് നൽകുമ്പോൾ പ്രോസിക്യൂഷന് നൽകുന്നില്ല. രഹസ്യ വിചാരണ എന്ന അന്തസത്ത തകർക്കും വിധമാണ് പലപ്പോഴും കോടതി പെരുമാറിയത്. ഇരയാക്കപ്പെട്ട നടിയെ വിസ്തരിക്കുമ്പോൾ 20 അഭിഭാഷകരാണ് കോടതിയിൽ ഉണ്ടായിരുന്നത്. വിസ്താരത്തിനിടെയുള്ള അഭിഭാഷകരുടെ ചോദ്യങ്ങൾ പലതും അതിരുവിട്ടതായിരുന്നുവെന്നും സർക്കാർ വ്യക്തമാക്കി.  

കേസിൻ്റെ വിചാരണ നിർത്തിവെയ്ക്കാൻ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ വിചാരണക്കോടതിക്ക് അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷയിൽ ഇതേ വിചാരണ കോടതി തന്നെ തീരുമാനമെടുത്തത് കീഴ്‌വഴക്കങ്ങളുടെ ലംഘനമാണ്. വിചാരണക്കോടതിയിൽ നടന്ന കാര്യങ്ങളെല്ലാം വിശദമാക്കി മുദ്രവെച്ച കവറിൽ ഹെെക്കോടതിക്ക് നൽകാൻ തയ്യാറാണെന്നും സർക്കാർ കോടതിയെ അറിയിച്ചു. 

content highlights: Actress attack case; Government on the high court