ബിഹാറിലെ സൗജന്യ കൊവിഡ് വാക്‌സിന്‍ വാഗ്ദാനം: ചട്ട ലംഘനമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: ബീഹാറിലെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറിയാല്‍ സൗജന്യ കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യുമെന്ന വാഗ്ദാനം ചട്ട വിരുദ്ധമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ബിജെപിയുടെ വാക്‌സിന്‍ വാഗ്ദാനം വിവേചനപരവും അധികാര ദുര്‍വിനിയോഗവുമാണെന്ന് ചൂണ്ടികാട്ടി ആക്ടിവിസ്റ്റ് സതേക് ഗോഖലെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയില്‍ മറുപടിയായാണ് വാഗ്ദാനം ചട്ട ലംഘനമല്ലെന്ന് കമ്മീഷന്‍ പ്രസ്താവിച്ചത്.

പൗരന്മാര്‍ക്കായി വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനങ്ങള്‍ രൂപപ്പെടുത്തണമെന്ന് ഭരണഘടനയില്‍ പറയുന്നുണ്ടെന്നതിനാല്‍ പ്രകടന പത്രികയില്‍ ഇത്തരമൊരു ക്ഷേമകാര്യം വാഗ്ദാനം ചെയ്യുന്നതില്‍ തെറ്റില്ലെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. എന്നാല്‍ നിറവേറ്റാന്‍ കഴിയുന്ന വാഗ്ദാനങ്ങള്‍ മാത്രമേ ജനങ്ങള്‍ക്ക് നല്‍കാവൂ എന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

കൊവിഡ് മഹാമാരിയെ ബിജെപി രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കുകയാണെന്ന വാദത്തില്‍ പ്രിപക്ഷ പാര്‍ട്ടികളടക്കം ബിജെപിക്കെതിരെ രംഗത്തെത്തിയിരുന്നു. പ്രകടന പത്രിക പുറത്തിറക്കുന്ന വേളയില്‍ ധനമന്ത്രി നിര്‍മലാ സിതാരാമനാണ് എന്‍ഡിഎ സര്‍ക്കാര്‍ ഭരണത്തില്‍ വന്നാല്‍ ബിഹാറിലെ മുഴുവന്‍ ജനങ്ങള്‍ക്കും സൗജന്യ കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചത്.

Content Highlights: Election Commission Says BJP’s Free Covid Vaccine Promise Not A Poll Code Violation. Explains Why