ട്രംപിന്റെ പരാജയത്തില്‍ നിന്ന് ഇന്ത്യയും പഠിക്കാനുണ്ട്; നമസ്‌തേ ട്രംപിനും പരോക്ഷ പരിഹാസവുമായി ശിവസേന

മുംബൈ: അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ പരാജയവും ബിഹാരിലെ നിലവിലെ സാഹചര്യവും താരതമ്യം ചെയ്ത് വിമര്‍ശിച്ച് ശിവസേന മുഖപത്രം സാമ്‌ന. അമേരിക്കന്‍ പ്രസിഡന്റിന്റെ പരാജയത്തില്‍ നിന്ന് ഇന്ത്യയും പാഠങ്ങള്‍ പഠിക്കുന്നതാണ് നല്ലതെന്ന് സാമ്‌ന വിമര്‍ശിച്ചു. ബിഹാറിലും ഭരണം മോശമാണെന്നും ഈ തെരഞ്ഞെടുപ്പ് എന്‍ഡിഎയ്ക്ക് പരാജയം സംഭവിക്കുമെന്നുമാണ് സാമ്‌നയുടെ പക്ഷം.

കൊവിഡിനെക്കാളും ഭീകരമാണ് അമേരിക്കയിലെ തൊഴിലില്ലായ്മയെന്നും അതിന് പരിഹാരം കാണുന്നതിന് പകരം ട്രംപ് അസംബന്ധങ്ങള്‍ പറയുന്നതിലാണ് ശ്രദ്ധ കൊടുത്തതെന്നും സാമ്‌ന കുറ്റപ്പെടുത്തി. അമേരിക്കയുടെ നേതൃപദവി വഹിക്കാന്‍ ട്രംപ് യോഗ്യനായിരുന്നില്ലെന്നും വാഗ്ദാനങ്ങളൊന്നും നിറവേറ്റിയിരുന്നുല്ലെന്നും സാമ്‌നയിലൂടെ ശിവസേന തുറന്നടിച്ചു. ട്രംപിന്റെ പരാജയത്തില്‍ നിന്ന് എന്തെങ്കിലും പഠിക്കാന്‍ സാധിക്കുമെങ്കില്‍ അത് നല്ലതാവുമെന്നും ലേഖനം ചൂണ്ടികാട്ടി.

ബിഹാറും നിലവില്‍ ഏറ്റവും മോശം നിലയിലാണുള്ളതെന്നും ഞങ്ങളൊഴികെ ഈ രാജ്യത്തും സംസ്ഥാനത്തും മറ്റൊരു ബദലില്ലെന്ന വ്യാമോഹം നേതാക്കളില്‍ നിന്ന് കളയാനുള്ള പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ ചെയ്യേണ്ടതുണ്ടെന്നും ശിവസേന പറഞ്ഞു. നമസ്‌തേ ട്രംപ് പരിപാടിയേയും സാമ്‌ന വിമര്‍ശിച്ചു. തെറ്റായ ഒരാളുടെ കൂടെ നില്‍ക്കുന്നത് നമ്മുടെ സംസ്‌കാരമല്ലെന്നും അതാണ് ഇപ്പോഴും ഇന്ത്യ തുടരുന്നതെന്നും നമസ്‌തേ ട്രംപിനെ പരോക്ഷമായി വിമര്‍ശിച്ച് സാമ്‌ന പറഞ്ഞു.

Content Highlight: Americans Corrected Mistake, Said ‘Bye-Bye'”: Sena’s “Namaste Trump” Dig