ബിനീഷ് കോടിയേരിയെ എൻസിബി (നർക്കോട്ടിക് കൺട്രോൾ ബ്യൂറോ) അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരി പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലായിരുന്നു. ഇവിടെ എത്തിയാണ് എൻസിബി അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യുന്നതിനായി എൻസിബി ഓഫീസിലേക്ക് കൊണ്ടുപോയി. നർകോട്ടിക് ഡ്രഗ്സ് ആൻഡ് സെെക്കോട്രോപിക് സബ്സ്റ്റൻസസ് നിയമ പ്രകാരം എൻസിബി കൂടി കേസെടുത്താൽ ബിനീഷിന് ജാമ്യം ലഭിക്കാനുള്ള പഴുതടയും.
രണ്ട് മലയാളികളടക്കം ബിനീഷ് ഉൾപ്പെടെ മൂന്നുപേരെ പ്രതികളാക്കിയാണ് എൻസിബി ആഗസ്റ്റിൽ മയക്കുമരുന്ന് കേസ് റജിസ്റ്റർ ചെയ്തത്. ബിനീഷിൻ്റെ സുഹൃത്തും മലയാളിയുമായ അനൂപ് മുഹമ്മദാണ് രണ്ടാം പ്രതി. അനൂപിൻ്റെ ലഹരി ഇടപാട് താവളമായിരുന്ന ഹോട്ടൽ തുടങ്ങാൻ പണം നൽകിയത് ബിനീഷാണെന്ന് കണ്ടെത്തിയിരുന്നു. ബിനീഷ് കോടിയേരിയും അനൂപ് മുഹമ്മദും ലഹരി മരുന്ന് ഇടപാടുകൾ നടത്തുന്നുവെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയെന്നാണ് പുറത്തുവരുന്ന വിവരം. സാമ്പത്തിക ഇടപാടുകളിൽ ക്രമക്കേട് നടന്നതിനെതിരെയാണ് ഇഡി ബിനീഷിനെ അറസ്റ്റ് ചെയ്തത്. അതേസമയം ഈ പണം ലഹരി ഇടപാടുകൾക്ക് ഉപയോഗിച്ചിരുന്നോ എന്നാകും എൻസിബി പരിശോധിക്കുക.
content highlights: Bineesh Kodiyeri under NCB custody