നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റില്ലെന്ന് ഹെെക്കോടതി. നടിയുടേയും സർക്കാരിൻ്റെയും ആവശ്യം ഹെക്കോടതി തള്ളി. നിലവിൽ വിചാരണക്കോടതി മാറ്റേണ്ട സാഹചര്യമില്ലെന്ന് കോടതി പറഞ്ഞു. സിംഗിൾ ബെഞ്ച് ജഡ്ജി വി.ജി അരുണിൻ്റേതാണ് ഉത്തരവ്. തിങ്കളാഴ്ച മുതൽ വിചാരണ തുടരാമെന്നും കോടതി വ്യക്തമാക്കി. പ്രോസിക്യൂഷനും ജഡ്ജിയും ഒരുമിച്ച് പോയാൽ മാത്രമെ നീതി നടപ്പാകുകയുള്ളു. നിലവിലെ ജഡ്ജിയുടെ ഭാഗത്ത് നിന്ന് കേസ് മാറ്റാനുള്ള കാരണങ്ങൾ വ്യക്തമായി ബോധിപ്പിക്കാൻ സർക്കാരിനോ നടിക്കോ കഴിഞ്ഞില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
വിചാരണക്കോടതി നടപടികൾക്കെതിരെ ആക്രമണത്തിന് ഇരയായ നടിയും സർക്കാരും ഹെെക്കോടതിയിൽ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. കോടതി പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും വിചാരണക്കോടതി മാറ്റിയില്ലെങ്കിൽ വിചാരണ സ്തംഭിക്കുന്ന അവസ്ഥ ഉണ്ടാകുമെന്ന് സർക്കാർ കോടതിയിൽ അറിയിച്ചിരുന്നു. വിചാരണയുടെ ആദ്യഘട്ടം മുതൽ പ്രതികളെ സഹായിക്കുന്ന നിലപാടാണ് വിചാരണക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് സർക്കാരും നടിയും കോടതിയിൽ വ്യക്തമാക്കിയിരുന്നു. കോടതിയിൽ പല തവണ കരയേണ്ട സാഹചര്യം തനിക്കുണ്ടായെന്ന് ആക്രമണത്തിന് ഇരയാക്കപ്പെട്ട യുവതിയും കോടതിയെ അറിയിച്ചിരുന്നു.
ക്രോസ് വിസ്താരത്തിനെതിരെ നടിയെ അപമാനിക്കും വിധമുള്ള ചോദ്യങ്ങൾ ചോദിച്ചിട്ടും അത് തടയാൻ ഒരു ഇടപെടലും ഉണ്ടായിട്ടില്ല. അനേകം അഭിഭാഷകർ കോടതിയിൽ ഉണ്ടായിരുന്നു. എട്ടാം പ്രതി ദീലീപിന് വേണ്ടി നിരവധി അഭിഭാഷകരാണ് എത്തിയത്. അവരുടെ മുന്നിൽ വെച്ചാണ് പല ചോദ്യങ്ങൾക്കും മറുപടി കൊടുക്കേണ്ടിവന്നത്. ചില ചോദ്യങ്ങൾക്കെതിരെ പ്രോസിക്യൂഷൻ രംഗത്തെത്തിയപ്പോഴും ഇത് തടയാൻ കോടതി തയ്യാറായില്ലെന്നും സർക്കാർ അന്ന് കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
content highlights: Change of court issue in actress attack case, verdict today