ന്യൂയോര്‍ക്ക്: 2020 ന്റെ മൂന്നാം പാദത്തില്‍ 22.1 ദശലക്ഷം വിദ്വേഷ പോസ്റ്റുകള്‍ക്കെതിരെ നടപടിയെടുത്തതായി ഫേസ്ബുക്കിന്റെ മോഡറേറ്റിംങ് റിപ്പോര്‍ട്ട്. വിദ്വേഷ പോസ്റ്റുകളുടെ ഏകദേശ കണക്കാണ് ഫേസ്ബുക്ക് പുറത്ത് വിട്ടത്. വിദ്വേഷ പ്രചാരണം നടത്തുന്ന പോസ്റ്റുകള്‍ ഫേസ്ബുക്ക് നീക്കം ചെയ്യുന്നില്ലെന്ന വിമര്‍ശനം നേരിടുന്നതിനിടെയാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.
ഫേസ്ബുക്കിന്റെ കണക്ക് പ്രകാരം 10,000 പോസ്റ്റുകള്‍ പരിശോധിച്ചാല്‍ അതില്‍ 11 മുതല്‍ 12 വരെ പോസ്റ്റുകളില്‍ വിദ്വേഷ ഉള്ളടക്കം ഉള്ളതാണെന്നാണ് കണ്ടെത്തല്‍. 2020 ന്റെ മൂന്നാം പാദത്തിലാണ് ഇത്തരത്തിലൊരു പരിശോധന ഫേസ്ബുക്ക് നടത്തിയത്. മൂന്നാംപാദത്തില്‍ 22.1 ദശലക്ഷം വിദ്വേഷ പോസ്റ്റുകള്‍ക്കെതിരെ ഫേസ്ബുക്ക് നടപടിയെടുത്തപ്പോള്‍, രണ്ടാം പാദത്തില്‍ ഇത് 22.5 ദശലക്ഷമായിരുന്നെന്നും ഫേസ്ബുക്ക് സ്ഥിരീകരിച്ചു.
വിദ്വേഷ പരാമര്‍ശം കണ്ടെത്തിയ പോസ്റ്റ് റിമൂവ് ചെയ്യുകയോ, മുന്നറിയിപ്പ് നല്‍കുകയോ, അക്കൗണ്ട് നിര്‍ത്തലാക്കുകയോ, പുറത്തുള്ള ഏജന്‍സിക്ക് വിവരങ്ങള്‍ കൈമാറുകയോയാണ് ഫേസ്ബുക്ക് ചെയ്തിട്ടുള്ളത്. കഴിഞ്ഞിടെ ഫേസ്ബുക്കിന്റെ വിദ്വേഷ വിരുദ്ധ പോസ്റ്റുകള്‍ പിന്‍വലിക്കുന്നില്ലെന്ന് കാണിച്ച് വിവിധ സിവില്‍ റൈറ്റ് ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ഫേസ്ബുക്കില്‍ നിന്ന് പരസ്യം പിന്‍വലിക്കല്‍ ക്യാമ്പെയിന്‍ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഫേസ്ബുക്കിന്റെ റിപ്പോര്‍ട്ട്.
Content Highlight: Facebook’s First-Ever Estimate Of Hate Speech Prevalence On Its Platform