അയോഗ്യനാക്കപ്പെട്ട എംഎല്‍എയെ മന്ത്രിയാക്കാനുള്ള ശ്രമം തടഞ്ഞ് കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു: കൂറുമാറ്റ നിയമ പ്രകാരം 2019ല്‍ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട എ എച്ച് വിശ്വനാഥ് മന്ത്രിയാകാന്‍ യോഗ്യനല്ലെന്ന് കര്‍ണാടക ഹൈക്കോടതി. കര്‍ണാടയിലെ ബി എസ് യെദിയൂരപ്പ മന്ത്രിസഭയില്‍ അംഗമാകേണ്ടിയിരുന്ന വിശ്വനാഥിനാണ് ഹൈക്കോടതി വിധി തിരിച്ചടിയായത്. കോണ്‍ഗ്രസും ജെഡിഎസും വിട്ടു നിന്ന എംഎല്‍എമാര്‍ക്ക് മന്ത്രിസ്ഥാനം നല്‍കുമെന്ന വാഗ്ദാനം പാലിക്കുന്നതിന്റെ ഭാഗമായിട്ടാണ് യെദിയൂരപ്പ വിശ്വനാഥിനെ മന്ത്രിസഭയിലെത്തിക്കാന്‍ ശ്രമിച്ചത്.

കഴിഞ്ഞ ഡിസംബറില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിശ്വനാഥ് പരാജയപ്പെട്ടതോടെ അദ്ദേഹത്തെ കര്‍ണാടക എംഎല്‍സിയാക്കുകയായിരുന്നു. വിശ്വനാഥിനെ കൂടാതെ എംടിബി നാഗരാജ്, ആര്‍ ശങ്കര്‍ എന്നിവരെയും എംഎല്‍സിമാരാക്കി മന്ത്രിസ്ഥാനം നല്‍കാനായിരുന്നു യെദ്യൂരപ്പ സര്‍ക്കാരിന്റെ നീക്കം.

2019 ല്‍ ബിജെപിയില്‍ ചേര്‍ന്ന 17 കോണ്‍ഗ്രസ് -ജെഡിഎസ് എംഎല്‍എമാരില്‍ ഉള്‍പ്പെട്ടയാളാണ് 70 കാരനായ വിശ്വനാഥും. വിശ്വനാഥിന്റെ മന്ത്രിസ്ഥാനത്തിനെതിരെ കര്‍ണാടക ഹൈക്കോടതിയില്‍ മൂന്ന് വ്യത്യസ്ത ഹര്‍ജികളാണ് വന്നത്. ഇതിന് തീര്‍പ്പു കല്‍പ്പിച്ചു കൊണ്ടായിരുന്നു ഹൈ്‌കോതി വിധി.

Content Highlight: Karnataka MLC, who defected to BJP, can’t be made minister, says HC