ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യ ഹര്‍ജി 11ലേക്ക് മാറ്റി; അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് ഇബ്രാഹിം കുഞ്ഞ് കോടതിയില്‍

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍മന്ത്രി വി.കെ ഇബഹ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 11 ലേക്ക് മാറ്റി. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ഇബ്രാഹിം കുഞ്ഞ് കോടതിയില്‍ അറിയിച്ചു. ആശുപത്രിയില്‍ നിന്ന് കസ്റ്റഡിയില്‍ എടുക്കുമോയെന്ന ആശങ്കയുണ്ടെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു.

ഇബ്രാഹിം കുഞ്ഞ് നല്‍കിയ ജാമ്യാപേക്ഷയില്‍ സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കി. നാല് ദിവസം കൂടി ചോദ്യം ചെയ്യേണ്ട സാഹചര്യമുണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചതോടെയാണ് വിശദമായ സത്യവാങ്മൂലം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടത്.

അതേസമയം, ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും മികച്ച ചികിത്സ ആവശ്യമാണെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ഹര്‍ജിക്കാരന്റെ ആവശ്യം. മേല്‍പ്പാലം അഴിമതിയില്‍ തന്റെ പങ്ക് സ്ഥാപിക്കാന്‍ മതിയായ തെളിവുകള്‍ ഇതേവരെ ലഭിച്ചിട്ടില്ലെന്നും ഒന്നര വര്‍ഷമായി തുടരുന്ന കേസില്‍ ഇനി സാക്ഷികളെ സ്വാധീനിക്കാനോ കേസ് അട്ടിമറിക്കാനോ സാധ്യതയില്ലെന്നും ഇബ്രാഹിം കുഞ്ഞ് ഹര്‍ജിയില്‍ ചൂണ്ടികാണിച്ചു. നേരത്തെ മുവാറ്റുപുഴ വിജിലന്‍സ് കോടതി ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

Content Highlight: High court extended bail plea of Ebrahim Kunju to 11 on Palarivattam over bridge scam