ലൈഫ് മിഷന്‍ ക്രമക്കേട്; സി ബി ഐ അന്വേഷണത്തിനുളള സ്റ്റേ തുടരും

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ ക്രമക്കേടില്‍ ലൈഫ് മിഷനെതിരായ സി ബി ഐ അന്വേഷണത്തിനുളള സ്റ്റേ ഈ മാസം 17 വരെ തുടരും. അന്വേഷണത്തിനുളള സ്റ്റേ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് സി ബി ഐ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് ഹൈക്കോടതി ഈ മാസം 17ലേക്ക് മാറ്റി. ഹര്‍ജിയില്‍ ഇന്ന് തന്നെ വാദം കേള്‍ക്കണമെന്ന് സി ബി ഐ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല.

കേസിന്റെ വിശദാംശങ്ങള്‍ പഠിക്കാന്‍ കൂടുതല്‍ സാവകാശം വേണമെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം അംഗീകരിച്ചാണ് കോടതി കേസ് മാറ്റിയത്. ലൈഫ് മിഷനെതിരായ അന്വേഷണം സ്റ്റേ ചെയ്ത ഇടക്കാല ഉത്തരവ് മൂലം അന്വേഷണം പൂര്‍ണമായും തടസപ്പെട്ട അവസ്ഥയിലാണെന്ന് സി ബി ഐ കോടതിയെ അറിയിച്ചു.

ഫ്‌ളാറ്റ് നിര്‍മ്മാണത്തിനായി വിദേശ ഏജന്‍സിയില്‍ നിന്ന് ലഭിച്ച പണത്തില്‍ ഒരു ഭാഗം കൈക്കൂലിയായും വിലയേറിയ സമ്മാനവുമായി നല്‍കിയിട്ടുണ്ടെന്ന് കരാര്‍ കമ്ബനിയായ യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ സമ്മതിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട കൂടുതല്‍ വസ്തുതകള്‍, ഉദ്യോഗസ്ഥ ഗൂഢാലോചന എന്നിവ കണ്ടെത്തേണ്ടതുണ്ട് എന്നും സി ബി ഐ ഹര്‍ജിയില്‍ പറഞ്ഞു. കഴിഞ്ഞ ഒക്ടോബര്‍ 13നായിരുന്നു ലൈഫ് മിഷന് എതിരായ അന്വേഷണം കോടതി തടഞ്ഞത്.

Content Highlight: Life Mission Scam; The stay on the CBI probe will continue