കൊച്ചി: പാലാരിവട്ടം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സര്‍ക്കാര്‍. ജാമ്യാപേക്ഷയില്‍ പറയുന്ന കാര്യങ്ങളും ജാമ്യത്തിന് ആവശ്യപ്പെട്ടിരിക്കുന്നതും വ്യത്യസ്ത കാരണങ്ങള്‍ക്കാണെന്ന് ചൂണ്ടികാട്ടിയായിരുന്നു സര്‍ക്കാരിന്റെ എതിര്‍പ്പ്. മുസ്ലീം എഡ്യുക്കേഷന്‍ സൊസൈറ്റി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിഞ്ഞ ദിവസം ഇബ്രാഹിംകുഞ്ഞ് അനുമതി തേടിയതോടെയാണ് ജാമ്യാപേക്ഷയെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ എതിര്‍ത്തത്.
ആരോഗ്യ കാരണം പരിഗണിച്ചാണ് ജാമ്യം നല്‍കാമെന്ന് ആലോചിച്ചതെന്നും നോമിനേഷന്‍ നല്‍കാമെങ്കില്‍ ജയിലില്‍ പോകാനും തയാറാകണമെന്ന് കോടതി പറഞ്ഞു. എന്നാല്‍ ജയിലില്‍ പോയാല്‍ തിരിച്ച് വരാന്‍ പറ്റുമെന്ന് തോന്നുന്നില്ലെന്നായിരുന്നു ഇബ്രാഹിം കുഞ്ഞിന്റെ മറുപടി. വിദഗ്ധ ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അനുവദിക്കണമെന്നും ഇബ്രാഹിംകുഞ്ഞ് കോടതിയില്‍ അറിയിച്ചു.
അതേസമയം, ആരോഗ്യ കാരണം മാത്രം പരിഗണിച്ചായിരുന്നു ജാമ്യാപേക്ഷ നല്‍കിയതെന്നും എന്നാല്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്നും ഇബ്രാഹിം കുഞ്ഞ് കോടതിയെ അറിയിച്ചു. കേസ് കോടതി വെള്ളിയാഴ്ച്ച വീണ്ടും പരിഗണിക്കും.
Content Highlight: Kerala Government against bail of V K Ebrahim Kunj